കൊച്ചി: വിവാദമായ സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് യുവാക്കൾക്കായി ക്രൈംബ്രാഞ്ച് തിരച്ചിൽ. മാർച്ച് അഞ്ചിന് വൈകിട്ട് ആറ് മണിയോടെ കലൂർ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ വന്നിറങ്ങിയ രണ്ട് പേർക്കായാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്.

ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പത്രപരസ്യം നൽകിയിരിക്കുകയാണ് ഇപ്പോൾ. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മിഷേലിന്റെ അച്ഛൻ കൊച്ചിയിൽ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു.

Mishel shaji, cronin alexander baby, crime braanch, suicide, മിഷേൽ ഷാജി, മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണം, ക്രോണിൻ അലക്സാണ്ടർ, അന്വേഷണ സംഘം

തൃപ്പൂണിത്തുറയിലെ ഹിൽ പാലസിന് സമീപത്തായുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകാനോ ഡിവൈഎസ്‌പി യെ ഫോണിൽ ബന്ധപ്പെടാനോ ആണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ സംഭവത്തിൽ അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടർ ബേബിയ്ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു.

ഇതുവരെയുള്ള വിവരങ്ങളിൽ നിന്ന് ക്രോണിൻ അലക്സാണ്ടറെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം മുന്നോട്ട് പോയത്. എന്നാൽ കാണാതായ ദിവസം മിഷേൽ ഷാജിയെ പ്രകോപിപ്പിക്കും വിധം ക്രോണിൻ എന്തെങ്കിലും സംസാരിച്ചുവോ എന്നത് ക്രൈം ബ്രാഞ്ചിന് വ്യക്തമല്ല.

ക്രോണിന്റെ ഫോണിൽ നിന്ന് മതിയായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് സംഘത്തിന് കഴിഞ്ഞില്ല. മിഷേൽ ഷാജി മരിച്ചതിനോട് ചേർന്ന ദിവസങ്ങളിൽ ക്രോണിൻ കൊച്ചിയിലുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മിഷേൽ ഷാജിയുടെ ശരീരത്തിൽ യാതൊരു വിധ ശാരീരിക ഉപദ്രവങ്ങളും ഏറ്റ അടയാളങ്ങളില്ല. ഇക്കാര്യം ഡോക്ടറും സാക്ഷ്യപ്പെടുത്തി.

മിഷേലിന്റെ ഫോൺ കണ്ടെത്താൻ സാധിക്കാതിരുന്നതാണ് പൊലീസിനെ കുഴക്കിയ മറ്റൊരു കാര്യം. ഇതിനായി കൊച്ചി കായലിലടക്കം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മിഷേൽ ഷാജിയും ക്രോണിനും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും ക്രോണിൻ തന്നെ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ആത്മഹത്യ ചെയ്യാൻ മാത്രമുള്ള യാതൊരു കാര്യവുമില്ലെന്ന് ഇയാൾ സമർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

മിഷേൽ കാണാതായ ദിവസം ഗോശ്രീ പാലത്തിലേക്ക് പോയെന്നത് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. വൈപ്പിൻ സ്വദേശി അമലിന്റെ മൊഴി മുഴുവനായും അന്വേഷണ സംഘം വിശ്വസിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിലും മിഷേൽ ഷാജിയെ കാണാതായ ദിവസം എന്തെങ്കിലും ദുരൂഹതയുള്ളതായി ക്രൈം ബ്രാഞ്ച് കരുതുന്നില്ല.

ഈ വർഷം ജനുവരിയിലാണ് പിറവം സ്വദേശിനിയായ മിഷേൽ ഷാജിക്ക് 18 വയസ്സ് തികഞ്ഞത്. എന്നാൽ 2 വർഷയമായി മിഷേലുമായി അടുപ്പത്തിലായിരുന്നു എന്ന് ക്രോണിൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ കാലയളവിൽ പെൺകുട്ടിയെ ക്രോണിൻ ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ക്രോണിന്റേയും മിഷേലിന്റെയും സുഹൃത്തുക്കളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ