കൊച്ചി:​സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിവർഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് കൊച്ചി കായലിൽ മുങ്ങൽ വിദഗ്ദ്ധർ പരിശോധന നടത്തുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് മിഷേലിന്റെ ബാഗ് കണ്ടെത്തുന്നതിനായി സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ തിരച്ചിൽ നടത്തുന്നത്. ഗോശ്രീ പാലത്തിന് താഴെ മിഷേൽ കായലിലേക്ക് ചാടിയെന്ന് കരുതുന്ന സ്ഥലത്താണ് പരിശോധന.

മിഷേലിന്റെ മൊബൈൽ ഫോൺ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിനായി
ക്രോണിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങൾ പൂർണ്ണമല്ലെന്ന സംശയത്താലാണ് മിഷേലിന്റെ മൊബൈലിനായി അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നത്. ക്രോണിൻ സ്വന്തം ഫോണിൽ നിന്ന് മിഷേലിന് അയച്ച സന്ദേശങ്ങൾ മായ്ച്ചു കളഞ്ഞതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്. ആത്മഹത്യ ചെയ്യാൻ കാരണമായത് ഈ സന്ദേശങ്ങളാകുമെന്ന സംശയമാണ് ക്രൈം ബ്രാഞ്ചിനുള്ളത്.

നേരത്തേ ക്രോണിന്റെ ഫോണിൽ നടത്തിയ പരിശോധനയിൽ “തിങ്കളാഴ്ച നീ അറിയും” എന്ന ഭീഷണി സ്വരത്തിലുള്ള സന്ദേശം മിഷേലിന്റേതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിലേക്ക് നയിച്ച കാരണം എന്തെന്ന് ക്രോണിൻ ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടില്ല. ഇവരുടെ സംഭാഷണത്തിലും ഇതിന് കാരണമായ മറ്റൊന്നും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം മിഷേലിന്റെ ബാഗിനായി തിരച്ചിൽ നടത്തുന്നത്.

അതേസമയം മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് നിഗമനത്തിൽ ഉറച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണവും മുന്നോട്ട് പോകുന്നത്. ആത്മഹത്യയ്ക്ക് പ്രേരകമായ കാരണം ക്രോണിനുമായുള്ള തർക്കം തന്നെയാണെന്ന് ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നു. എന്നാൽ ഇത് സാക്ഷ്യപ്പെടുത്തുന്ന ശക്തമായ തെളിവുകളുടെ അഭാവമാണ് അന്വേഷണ സംഘത്തിനെ വലയ്ക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ