കൊച്ചി: മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ക്രോണിൻ അലക്സാണ്ടർ ബേബിക്ക് ജാമ്യം ലഭിച്ചു. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതി ക്രോണിന് ജാമ്യം അനുവദിച്ചത്.
ക്രൈം ബ്രാഞ്ചിന്റെ പക്കൽ പാസ്പോർട്ട് ഹാജരാക്കാനും എറണാകുളം വിട്ട് എങ്ങോട്ടും പോകരുതെന്നും നിബന്ധനയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ഹാജരാകാനും കോടതി നിർദ്ദേശിച്ചു. ഇക്കാര്യങ്ങൾ സമ്മിതിച്ചതിനെ തുടർന്നാണ് കോടതി ക്രോണിന് ജാമ്യം അനുവദിച്ചത്.
കേസിൽ മത്സ്യത്തൊഴിലാളികളിലേക്ക് നീങ്ങിയ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ നിന്ന് കാര്യമായൊന്നും കിട്ടിയില്ലെന്നാണ് വിവരം. മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോകാൻ ആരെങ്കിലും ശ്രമിച്ചോയെന്നും പെൺവാണിഭത്തിന് ഉപയോഗിക്കാൻ ശ്രമം ഉണ്ടായോ എന്നും പിതാവിന്റെ സംശയത്തിലാണ് അന്വേഷണം കൊണ്ടുപോയത്. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ച ശേഷം അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് പ്രതിക്ക് കോടതി ജാമ്യം നൽകിയത്.
മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ കൊലപാതക സംശയം പൂർണ്ണമായും ദുരീകരിക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. പഴുതുകളടച്ച് യാതൊരു സംശയത്തിനും ഇട നൽകാത്ത വിധം അന്വേഷണം പൂർത്തീകരിക്കണമെന്ന് ഉന്നത നിർദ്ദേശം നേരത്തേ തന്നെ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പരമാവധി തെളിവുകൾ സംഘടിപ്പിക്കാൻ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നീട്ടിക്കൊണ്ടുപോയത്.
പെൺകുട്ടിയെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന സംശയമാണ് പിതാവ് ക്രൈം ബ്രാഞ്ചിനോട് അവസാനം വ്യക്തമാക്കിയത്. ആത്മഹത്യയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചെങ്കിലും ബന്ധുക്കളുടെ സംശയം ദുരീകരിക്കാൻ ഈ ആവശ്യവും അംഗീകരിച്ചു. ആത്മഹത്യയാണെന്ന് വ്യക്തമായതിനാലാണ് പ്രതി ക്രോണിനെതിരെ പോക്സോ വകുപ്പ് പ്രകാരവും കേസ് എടുത്തതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘാംഗം അനൗദ്യോഗികമായി പറഞ്ഞു.
ഷാജി വർഗ്ഗീസിന്റെ സംശയത്തെ തുടർന്ന് ബോട്ടുടമകളും മത്സ്യതൊഴിലാളികളും ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
അതേസമയം മിഷേലിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളിലും പിതാവ് ഷാജി വർഗ്ഗീസ് അവിശ്വാസം പ്രകടിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷന് സമീപത്ത് നിന്ന് ലഭിച്ച ദൃശ്യത്തിലെ പെൺകുട്ടി മിഷേലാണെന്ന് കരുതുന്നില്ലെന്നാണ് ഇദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞത്.
മിഷേലിനെ കാണാതായ ദിവസം കൊച്ചിയിൽ ഒരു വിദേശ ഉല്ലാസ കപ്പൽ എത്തിയിരുന്നു. ഇത്തരം ഉല്ലാസകപ്പലുകളിലേക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന സംഘം കേരളത്തിലുണ്ടെന്ന ആരോപണമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്.
ഇത്തരക്കാരുടെ കൈയ്യിൽ മിഷേൽ അകപ്പെട്ടോ എന്നതാണ് പിതാവ് ഷാജി ഉന്നയിച്ച സംശയം. മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റിയ ശേഷം പിന്നീട് അപായപ്പെടുത്തിയാകാമെന്നും കായലിൽ ഉപേക്ഷിച്ചതാകാമെന്നുമാണ് ഉയരുന്ന സംശയം.
ഇങ്ങിനെയൊരു സംശയം ക്രൈം ബ്രാഞ്ചിനില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ വീഴ്ചയിൽ സംഭവിച്ച ചെറിയ പൊട്ടലുകൾ മാത്രമാണ് ഉള്ളത്. യാതൊരു വിധ അതിക്രമങ്ങളുടെ അടയാളവും പോസ്റ്റുമോർട്ടത്തിൽ മിഷേൽ ഷാജി വർഗ്ഗീസിന്റെ ശരീരത്തിൽ കണ്ടെത്തിയിരുന്നില്ല.
മിഷേലിന്റെ ശരീരത്തിൽ നിന്ന് അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകളും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് എത്തിയത്.
കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇക്കാര്യം കോടതി ഗൗരവത്തോടെ കണ്ടില്ലെന്നാണ് വിവരം.