scorecardresearch
Latest News

മിഷേലിന്റെ മരണം:​ പിതാവിന്റെ സംശയത്തിൽ മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യും

പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈം ബ്രാഞ്ച് സംഘം ഉറപ്പിച്ചുകഴിഞ്ഞു.

Mishel Shaji

കൊച്ചി:​മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ കൊലപാതക സംശയം പൂർണ്ണമായി അന്വേഷിക്കാൻ ബന്ധുക്കളുടെ ആവശ്യം. ഇത് പരിഗണിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കും മുൻപ് ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.

പെൺകുട്ടിയെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന സംശയമാണ് പിതാവ് ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കിയത്. ആത്മഹത്യയാണെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചെങ്കിലും ബന്ധുക്കളുടെ സംശയം ദുരീകരിക്കാൻ ഈ ആവശ്യവും അന്വേഷണ സംഘം അംഗീകരിച്ചു.

സ്വകാര്യ സർവ്വീസ് നടത്തുന്ന ബോട്ടുടമകളും ജീവനക്കാരും ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയിൽ വരും. ഹൈക്കോടതി ജംഗ്ഷന് സമീപത്ത് നിന്ന് ലഭിച്ച ദൃശ്യത്തിലെ പെൺകുട്ടി മിഷേലാണെന്ന് കരുതുന്നില്ലെന്നാണ് ഇദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞത്.

മിഷേലിനെ കാണാതായ ദിവസം കൊച്ചിയിൽ ഒരു വിദേശ ഉല്ലാസ കപ്പൽ എത്തിയിരുന്നു. ഇത്തരം ഉല്ലാസകപ്പലുകളിലേക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന സംഘം കേരളത്തിലുണ്ടെന്ന ആരോപണമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്.

ഇത്തരക്കാരുടെ കൈയ്യിൽ മിഷേൽ അകപ്പെട്ടോ എന്നതാണ് പിതാവ് ഷാജി ഉന്നയിച്ച സംശയം. മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റിയ ശേഷം പിന്നീട് അപായപ്പെടുത്തിയാകാമെന്നും കായലിൽ ഉപേക്ഷിച്ചതാകാമെന്നുമാണ് ഉയരുന്ന സംശയം.

ഇങ്ങിനെയൊരു സംശയം ക്രൈം ബ്രാഞ്ചിനില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ വീഴ്ചയിൽ സംഭവിച്ച ചെറിയ പൊട്ടലുകൾ മാത്രമാണ് ഉള്ളത്. യാതൊരു വിധ അതിക്രമങ്ങളും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടില്ല.

പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകളും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അസ്വാഭാവികതയില്ലെന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് എത്തിയത്.

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Michelle shaji death case crime branch might question fishermen