കൊച്ചി: സിഎ വിദ്യാർഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടറെ അറിയില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ഷാജി വർഗ്ഗീസ്. ഇയാൾ ബന്ധുവല്ലെന്നും, ഇങ്ങിനെയൊരാളെ പറ്റി പെൺകുട്ടി ഒരിക്കലും തന്നോടോ മറ്റുള്ളവരോടോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രോണിൻ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പെൺകുട്ടിയ്ക്ക് ആറ് മാസം മുൻപ് വരെ രണ്ടു വർഷത്തോളം ക്രോണിനുമായി പ്രണയബന്ധം ഉണ്ടായിരുന്നതായാണ് പൊലീസ് പറഞ്ഞത്. മിഷേൽ തന്നെയാണ് പ്രണയ ബന്ധം അവസാനിപ്പിച്ചത്. ഇതേ തുടർന്ന് ക്രോണിൻ നിരന്തരം ഇവരെ ശല്യപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ക്രോണിൻ ഇന്നലെ പൊലീസിനോട് സമ്മതിച്ചതാണ് ഇക്കാര്യം.

“മിഷേൽ മരിച്ച അന്നും ഏറെ സന്തോഷവതിയായിരുന്നുവെന്നും, വീട്ടിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നതായും” പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. “ആത്മഹത്യയാണെന്ന പൊലീസ് കണ്ടെത്തൽ മുഖവിലയ്ക്ക് എടുക്കാനാവില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

പിടിയിലായ ക്രോണിൻ അലക്സാണ്ടർ ബാബുവിനെ(26) ഏതാണ്ട് എട്ട് മണിക്കൂറിലധികം തിങ്കളാഴ്ച പൊലീസ് ചോദ്യം ചെയ്തു. 2016 ഏപ്രിൽ മുതൽ തങ്ങളുടെ പ്രണയബന്ധത്തിൽ വിള്ളൽ ഉണ്ടായിരുന്നതായാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഛത്തീസ്‌ഗഡിൽ സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരാണ് ക്രോണിൻ. മാസങ്ങൾക്ക് മുൻപ് നാട്ടിൽ വന്നപ്പോൾ മിഷേലിനെ കണ്ടിരുന്നതായും മർദ്ദിച്ചിരുന്നതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ഇയാൾ 52 എസ്എംഎസുകൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. നാല് തവണ ഇയാൾ വിളിക്കുകയും ചെയ്തിരുന്നു. പെൺകുട്ടി ഞായറാഴ്ച പല തവണ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഓൺ ചെയ്തത് ക്രോണിന്റെ തുടർ ഫോൺ വിളികൾ മൂലമാണെന്നാണ് പൊലീസിന്റെ നിഗമനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.