കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൈ ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ അടിയന്തിര പ്രമേയ നൊട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ എത്ര ഉന്നതരായാലും പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിറവം ഇലഞ്ഞി സ്വദേശി മിഷേൽ ഷാജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധത്തിന് തയ്യാറെടുത്തു.
ഞായറാഴ്ച വൈകിട്ട് കലൂർ പള്ളിയിൽനിന്നും പെൺകുട്ടി പുറത്തേക്ക് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തേ തന്നെ ലഭിച്ചിരുന്നു. പെൺകുട്ടി മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായി ഈ ദൃശ്യങ്ങളിൽ നിന്ന് തോന്നുന്നില്ലെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് കാണാതായ പെൺകുട്ടിയെ തൊട്ടടുത്ത ദിവസം വെല്ലിംഗ്‌ടൺ ഐലന്റിന് സമീപത്തെ വാർഫിനടുത്ത് കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇത്തരത്തിൽ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും പെൺകുട്ടിയ്ക്കില്ലെന്ന് മാതാപിതാക്കളും ബന്ധുക്കളും വ്യക്തമാക്കിയതോടെയാണ് കേസ് വിവാദമായത്. സംഭവത്തിൽ നീതിപൂർവ്വമുള്ള അന്വേഷണം ആവശ്യപ്പെട്ട് എല്ലാ ഭാഗത്തു നിന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.