കൊച്ചി: വയനാട് എംപിയും കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്രുമായിരുന്ന എം.ഐ.ഷാനവാസിന്റെ മൃതദേഹം കലൂർ തോട്ടത്തുപടി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്ര് മുല്ലപള്ളി രാമചന്ദ്രൻ, കെ.സുധാകരൻ, ശശി തരൂർ എംപി, രാജ്മോഹൻ ഉണ്ണിത്താൻ അടങ്ങുന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിവിധ രാഷ്ട്രിയ കക്ഷികളുടെ നേതാക്കൾ ഷാനവാസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി.ജയരാജൻ, വിഎസ്.സുനിൽകുമാർ, മാത്യു.ടി.തോമസ്, കെ.എം.മാണി, കെ.പി.എ.മജീദ്, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
കരൾമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് എം.ഐ.ഷാനവാസിന്റെ മരണം. 2009 ലും 2014 ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വയനാട് ലോകസഭ മണ്ഡലത്തില്‍ നിന്നും എംഐ ഷാനവാസ് ജയിച്ചു. കെഎസ്യുവിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. കോൺഗ്രസിന്റെ കരുത്തുറ്റ പോരാളിയായിരുന്നു എം.ഐ.ഷാനവാസ്.