scorecardresearch

എം.ഐ.ഷാനവാസ് എംപി അന്തരിച്ചു

ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബറിസ്ഥാനില്‍.

ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബറിസ്ഥാനില്‍.

author-image
WebDesk
New Update
എം.ഐ.ഷാനവാസ് എംപി അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് അന്തരിച്ചു. ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ്‌ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നു ഗുരുതരാവസ്ഥയിലായിരുന്ന ഷാനവാസിനെ കഴിഞ്ഞ മാസം 31നാണ് ക്രോംപേട്ടിലെ ഡോ.റെയ്‌ല മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്.

Advertisment

നവംബര്‍ രണ്ടിന് കരള്‍മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു. മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബറിസ്ഥാനില്‍.

ഷാനവാസിന്റെ നിര്യാണത്തില്‍ സഹപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. എം.ഐ ഷാനവാസിന്റെ വേര്‍പാട് പാര്‍ട്ടിക്ക് പൊതുപ്രവര്‍ത്തന രംഗത്ത് വലിയ പ്രശ്നമാണ്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കേരളത്തിലെ ഉയര്‍ന്ന രാഷ്ട്രീയ സ്ഥാനങ്ങളിലെത്തി. ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനും നയിക്കാനും കഴിഞ്ഞു. അവസരങ്ങള്‍ ഏറ്റവും നന്നായി വിനിയോഗിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സി.കാര്‍ത്തികേയന്‍ , ഷാനവാസും ,താനും ചില ഘട്ടങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോയിരുന്നു. അന്ന് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഒരു സഹോദരനെ നഷ്ടപ്പെട്ട വേദനയിലാണ് താന്‍. രാഷ്ട്രീയത്തിനപ്പുറം വളരെ അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അദ്ദേഹം. സഹപ്രവര്‍ത്തകരോട് സ്നേഹവും അടുപ്പവും കാത്ത് സൂക്ഷിക്കുന്ന പ്രകൃതക്കാരനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓര്‍ക്കുന്നു.

Advertisment

പാര്‍ലമെന്റംഗമെന്ന നിലയില്‍ കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം.വി.ഇബ്രാഹിംകുട്ടിയുടേയും നൂര്‍ജഹാന്‍ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബര്‍ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്.

കെഎസ്‌യുവിലൂടെയാണ് ഷാനവാസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1972-73 കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെപിസിസി ജോയന്റ് സെക്രട്ടറി, 1985ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളുടെയും ചുമതല വഹിച്ചു. കോണ്‍ഗ്രസില്‍ കരുണാകരപക്ഷത്തു നിന്ന് തന്നെ തിരുത്തല്‍ ഘടകമായി (തിരുത്തല്‍വാദികള്‍) രംഗത്തുവന്ന മൂന്നു നേതാക്കളില്‍ ഒരാളായിരുന്നു.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ.റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി. 1,53,439 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്റെ എതിര്‍ സ്ഥാനാർത്ഥി. 20870 വോട്ടുകള്‍ക്ക് ഷാനവാസ് അത്തവണയും വിജയം ആവര്‍ത്തിച്ചു.

1987ലും 1991ലും വടക്കേക്കരയിലും ,1996 ല്‍ പട്ടാമ്പിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും 1999ലും 2004ലും ചിറയന്‍കീഴ് ലോക്‌സഭമണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്.

Congress Kpcc Obituary Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: