കൊച്ചി: ബുധനാഴ്ച പുലർച്ചെ അന്തരിച്ച വയനാട് എംപിയും കോൺഗ്രസ് സംസ്ഥാനവർക്കിങ് പ്രസിഡന്റുമായ എംഐ ഷാനവാസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പേർ എംപിയുടെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തി.

ചെന്നൈയിൽ അന്തരിച്ച ഷാനവാസിന്റെ മൃതദേഹം വിമാനമാർഗ്ഗം ഉച്ചയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

മൃതദേഹം പിന്നീട് എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചു. കൊച്ചി കലൂരിലെ തോട്ടത്തു പടി പള്ളി ഖബറിസ്ഥാനില്‍ നാളെ രാവിലെ 10 ന് ഖബറടക്കും. കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്കിയക്കു ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

എകെ ആന്‍റണിയടക്കം വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. 2009 ലും 2014 ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വയനാട് ലോകസഭ മണ്ഡലത്തില്‍ നിന്നും എംഐ ഷാനവാസ് ജയിച്ചു.

കെഎസ്‍യുവിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. ഐ ഗ്രൂപ്പിനൊപ്പമായിരുന്ന ഷാനവാസ് കെ മുരളീധരന്റെ രാഷട്രീയത്തിലേക്കുളള വരവിനെ ചോദ്യം ചെയ്ത തിരുത്തൽ വാദ സംഘത്തിലെ ശബ്ദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.