കൊച്ചി: നരേന്ദ്ര മോദി സർക്കാർ എന്ത് ചെയ്‌താലും അതിനെ എതിർക്കുക എന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ടെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. വിവാദ കാർഷിക നിയമങ്ങളെ ശ്രീധരൻ പിന്തുണച്ചു. രാജ്യത്ത് അസഹിഷ്‌ണുതയില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഒരു വിദേശ രാജ്യത്തോടോ മാധ്യമത്തോടോ ചേര്‍ന്ന് സ്വന്തം രാജ്യത്തെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല. രാജ്യത്ത് ഒരു തരത്തിലുമുള്ള അസഹിഷ്‌ണുതയില്ല. അസഹിഷ്‌ണുത എന്നത് ഇവിടെ ചർച്ചകളിൽ മാത്രമാണുള്ളത്. ഇത്ര ശക്തമായ നീതിന്യായ വ്യവസ്ഥ നിലവിലുള്ള രാജ്യത്ത് യാതൊരു തരത്തിലുള്ള അസഹിഷ്‌ണുതയ്‌ക്കും സ്ഥാനമില്ല. എതിർക്കുന്നവരുടെ അഭിപ്രായങ്ങളെ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അപ്പോഴേക്കും അത് അസഹിഷ്‌ണുതയാണെന്ന് പറയും,” ഇ.ശ്രീധരൻ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി നാടിനു വേണ്ടി ഒട്ടനവധി നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്നും മോദിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ശ്രീധരൻ പറഞ്ഞു. അഴിമതി തൊട്ടുതീണ്ടാത്ത, വളരെ അധ്വാനിയായ, ആത്മസമർപ്പണമുള്ള, രാജ്യ താൽപര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നേതാവാണ് മോദിയെന്നും ശ്രീധരൻ അഭിമുഖത്തിൽ പറഞ്ഞു.
Read Also: വികസനമാണ് രാജ്യത്തിന്റെ മതം, അത് എല്ലാവർക്കുമുള്ളതാണ്: പ്രധാനമന്ത്രി
കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങൾക്ക് കാരണം കർഷകരുടെ തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറെന്ന് ശ്രീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം അറിയിച്ചത്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.
കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂവെന്ന് ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘Metroman’ E Sreedharan says open to chief ministership if BJP comes to power in Kerala
— Press Trust of India (@PTI_News) February 19, 2021
“ഇപ്പോൾ ഭരിക്കുന്ന പാർട്ടികൾക്കൊന്നും കേരളത്തെ നേരെയാക്കാൻ പറ്റില്ല. ബിജെപി ജയിച്ചാൽ കേരളത്തിനു അനുകൂലമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പ്രത്യേകിച്ച് തൊഴിൽ നൽകുന്ന കാര്യത്തിൽ. ബിജെപി ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഏത് മണ്ഡലമാണെന്ന് ബിജെപി തീരുമാനിക്കും,” ശ്രീധരൻ പറഞ്ഞു.
Read More: മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിൽ; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
ദേശീയ നേതൃത്വം ഇടപെട്ടാണ് ശ്രീധരനെ പാർട്ടിയിൽ എത്തിച്ചതെന്നാണ് സൂചന. ശ്രീധരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും ഇ.ശ്രീധരൻ ബിജെപിയിലേക്ക് എന്ന നിലയിൽ പ്രചാരണമുണ്ടായിരുന്നു. ബിജെപി നേതാക്കൾ അദ്ദേഹവുമായി ചർച്ചയും നടത്തിയിരുന്നു. എന്നാൽ ആ സമയത്ത് അദ്ദേഹം ബിജെപി പ്രവേശനമെന്നതിനോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.