മലപ്പുറം: കേരളത്തിൽ ദുരിതം വിതച്ച മഹാപ്രളയത്തിന് കാരണം കാലാവസ്ഥ നിരീക്ഷണത്തിലെ അപാകതെയെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. കനത്ത മഴ പെയ്യുമെന്നറിഞ്ഞിട്ടും ഡാമുകൾ നിറയുന്നത് വരെ കാത്തിരുന്നെന്നും ശ്രീധരൻ കുറ്റപ്പെടുത്തി. ഡാം നേരത്തെ തുറന്നുവിടാമായിരുന്നുവെന്നും ഡാമുകൾ നിറയുന്നത് വരെ വെള്ളം സംഭരിക്കണ്ട ആവശ്യമില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശ സഹായം വാങ്ങുന്നത് കേരളത്തിന് അഭിമാനകാരമല്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു. പന്ത്രണ്ട് ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ, ആ സാഹചര്യത്തിൽ വിദേശസഹായം സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് ശ്രീധരന്റെ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള നിർമ്മതിക്ക് പൂർണാധികാരമുള്ള സമിതിയെ നിയോഗിക്കണമെന്നും ശ്രീധരൻ നിർദ്ദേശിച്ചു. അത്തരത്തിലൊരു സമിതി നിലവിൽ വന്നാൽ എട്ട് വർഷംകൊണ്ട് പുതിയ കേരളം പടുത്തുയർത്താൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ടാൽ ഇതിനുവേണ്ട ഉപദേശങ്ങൾ നൽകാമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.