മെട്രോയുടെ ആദ്യ യാത്രയില്‍ പ്രോട്ടോകോൾ ലംഘിച്ച് യാത്ര ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വേട്ടയാടി സോഷ്യൽ മീഡിയ. പഞ്ചായത്ത് മെമ്പർ പോലും അല്ലാത്ത വ്യക്തിയെ എങ്ങനെയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത് എന്നതാണ് ട്രോളൻമാരുടെ ചോദ്യം. ക്ഷണിക്കാത്ത സദ്യക്ക് കുമ്മനം വന്നിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ക്ഷണം ഇല്ലാഞ്ഞിട്ടും പങ്കെടുത്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പരോക്ഷ പ്രതിഷേധം നടത്തിയിരുന്നു. കുമ്മനത്തെ ക്രോപ്പ് ചെയ്താണ് മെട്രോയിലെ ആദ്യയാത്രയുടെ ഫോട്ടോ മുഖ്യമന്ത്രിയുടെ ഒദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഔദ്യോഗികമായ സ്ഥാനമോ ക്ഷണമോ ഇല്ലാഞ്ഞിട്ടും മെട്രോയുടെ ആദ്യയാത്രയില്‍ പ്രധാനമന്ത്രിക്കും മറ്റുളളവര്‍ക്കും ഒപ്പം കുമ്മനം വലിഞ്ഞുകയറുകയായിരുന്നുവെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസും ഇത്തരത്തില്‍ പ്രതിഷേധിച്ചത്. വന്‍കിട പദ്ധതിനിര്‍വഹണത്തില്‍ അനുകരണനീയമായ ഒരു മാതൃകയാണ് കൊച്ചി മെട്രോ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ചിത്രത്തോടൊപ്പം മുഖ്യമന്ത്രി കുറിച്ചിരിക്കുന്നത്.


അര്‍ഹതപ്പെട്ട ഇ ശ്രീധരനെ പോലെയുളളവര്‍ പുറത്തുനില്‍ക്കുമ്പോഴാണ് കുമ്മനം ‘കളളവണ്ടി’ കയറിയതെന്നും പരിഹാസം ഉയര്‍ന്നു. മെട്രോയുടെ ചരിത്രമാകാന്‍ പോകുന്ന ആദ്യ കളളവണ്ടി യാത്രയാണ് ഇതെന്നും ട്രോളുകള്‍ നിറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ