കൊച്ചി: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹ സ്ഥാപകന്‍ റിയാസ് കോമു സ്ഥാനമൊഴിച്ചു. ഫൗണ്ടേഷന്റെ ആജീവാനന്ത ഭാരവാഹിത്വത്തില്‍ പിന്മാറുന്നെന്ന് അറിയിച്ചുളള കത്താണ് കൈമാറിയിരിക്കുന്നത്. പേരുവെളുപ്പെടുത്താത്ത യുവതി റിയാസ് കോമുവിനെതിരെ മീ ടു ആരോപണം ഉന്നയച്ചിരുന്നു. ഇതിനുപിന്നാലെ ബിനാലേയുടെ ചുമതലകളില്‍ നിന്ന് റിയാസിനെ ഒഴിവാക്കിയിരുന്നു.
താന്‍ പിന്മാറുന്ന കാര്യം അറിയിച്ചുകൊണ്ട് ചൊവ്വാഴ്ച രാത്രിയാണ് റിയാസ് കോമു ബിനാലെ ഫൗണ്ടേഷന് മെയില്‍ അയച്ചതെന്നാണ് റിപ്പോര്‍ട്ട്. തീരുമാനത്തില്‍ മാറ്റമില്ലെന്നും റിയാസ് അറിയിച്ചു. തനിക്കെതിരെ ഉയര്‍ന്ന അടിസ്ഥാനരഹിതമായ ലൈംഗികാരോപണത്തെ തുടര്‍ന്ന് എല്ലാ സ്ഥാനമാനങ്ങളും രാജിവച്ച തന്നോട് ഫൗണ്ടേഷന് അപമാനകരമായാണ് പെരുമാറുന്നതെന്നും തന്നെ അരികുവത്കരിക്കുന്നുവെന്നും റിയാസ് കോമു ആരോപിച്ചു.
ബിനാലെയുടെ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് റിയാസ് കോമു രാജിവച്ചൊഴിഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പരാതിക്കാരിയായ യുവതിയുടെ ആവശ്യത്തെ തുടര്‍ന്ന് കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പേരുവെളിപ്പെടുത്താത്ത യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴി റിയാസ് കോമുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഒരു സ്റ്റുഡിയോ വിസിറ്റിന്റെ ഭാഗമായി താന്‍ മുംബൈയില്‍ വച്ച് റിയാസ് കോമുവിനെ കണ്ടിരുന്നുവെന്നും പിന്നീട് അദ്ദേഹത്തിന്റെ ക്ഷണപ്രകാരം കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായെത്തിയ തന്നോട് റിയാസ് കോമു മോശമായി പെരുമാറിയെന്നും പോസ്റ്റില്‍ യുവതി ആരോപിച്ചിരുന്നു. സംഭവത്തില്‍ ക്ഷമാപണം നടത്തി റിയാസ് കോമു രംഗത്തെത്തിയിരുന്നു.