കൊച്ചി: സ്വപ്ന സുരേഷിന്റെ അവകാശവാദങ്ങള്‍ തള്ളി സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന വിജേഷ് പിള്ള. വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ച സ്വപ്ന വളച്ചൊടിച്ചതായി വിജേഷ് വ്യക്തമാക്കി. സ്വപ്ന തയാറാക്കിയ തിരക്കഥയിലേക്ക് തന്നെ ചേര്‍ക്കുകയാണ് ഇപ്പോള്‍ ഉണ്ടായതെന്നും വിജേഷ് പറഞ്ഞു.
സ്വപ്നയ്ക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങിയതായും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ മെയില്‍ മുഖേന പരാതി നല്‍കിയതായും വിജേഷ് കൂട്ടിച്ചേര്‍ത്തു. സ്വപ്നയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇ ഡി മൊഴിയെടുത്തു. മൂന്ന് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു നിന്നതായും വിജേഷ് പറഞ്ഞു. തന്റെ പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്നും വിജേഷ് വ്യക്തമാക്കി.
“ഒരു വാസ്തവുമില്ലാത്ത കാര്യങ്ങളാണ് എല്ലാം പറഞ്ഞിരിക്കുന്നത്. എല്ലാം പച്ചക്കള്ളമാണ് അവര്‍ പറയുന്നത്. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നു അവരെ മീറ്റ് ചെയ്തിരുന്നത്. ഷൂട്ടൊ കാര്യങ്ങളൊ ഒന്നുമല്ല, വെബ് സീരീസിന്റെ ഡിസ്കഷന് വേണ്ടി മാത്രമായിരുന്നു, ഓപ്പണായിട്ട് ഒരു ഹോട്ടലിന്റെ റെസ്റ്റോറന്റില്‍ വച്ചായിരുന്നു കണ്ടത്,” വിജേഷ് പറഞ്ഞു.
“കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ നല്‍കാമെന്നൊക്കെ അവര്‍ പറഞ്ഞതിന് എന്ത് മറുപടി നല്‍കണമെന്ന് എനിക്ക് അറിയില്ല. ഞാന്‍ അവരെ ഭീഷണിപ്പെടുത്തിയെന്നൊ, രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് വരുന്നതെന്നൊ, 30 കോടി രൂപ പാര്‍ട്ടി തന്നതാണെന്നൊക്കെ പറഞ്ഞെന്ന് പറയുന്നു, തെളിവുണ്ടെങ്കില്‍ കാണിക്കട്ടെ,” വിജേഷ് കൂട്ടിച്ചേര്‍ത്തു.
“വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് അവര്‍ തയാറായിരുന്നു. അതുകൊണ്ടാണല്ലൊ നേരിട്ട് കണ്ടത്. അവര്‍ ഒക്കെ ആണെന്നും കണ്ടന്റ് ചെയ്യുന്നതിന് താത്പര്യം ഉണ്ടെന്നും പറഞ്ഞിരുന്നു. മീറ്റ് ചെയ്തിട്ട് വെബ് സീരീസില്‍ നിന്നുള്ള റെവന്യുവിനെക്കുറിച്ചാണ് സംസാരിച്ചത്. അത് എങ്ങനെ കിട്ടും എന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തു,” വിജേഷ് വ്യക്തമാക്കി.
“എം വി ഗോവിന്ദന്‍ മാഷിനെ കണ്ടിട്ടില്ല. പത്രത്തിലൂടെയും ടിവിയിലുമൊക്കെ കണ്ട പരിചയമല്ലാതെ എനിക്ക് അവരെയൊ അവര്‍ക്ക് എന്നയൊ അറിയില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) സമന്‍സ് ഉണ്ടായിരുന്നു. ഇ ഡി ഓഫിസില്‍ പോയി മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്,” വിജേഷ് പറഞ്ഞു.
കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള എന്ന വ്യക്തി തന്നെ സമീപിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വാദം. മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും എതിരെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ കൈമാറണമെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ വിളിക്കുന്നതെന്ന് വിജേഷ് പറഞ്ഞുവെന്നും സ്വപ്‌ന വെളിപ്പെടുത്തി.