കൊല്ലം: ഇന്ത്യൻ സൈന്യം കശ്മീർ വിടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിൽ നിന്ന് കൊല്ലം കലക്ടറേറ്റിലേക്ക് സന്ദേശം. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം വന്നത്. ഇന്നലെ രാത്രിയാണ് ഹിന്ദി, ഉറുദു ഭാഷകളിൽ സന്ദേശം എത്തിയത്. വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
കശ്മീർ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സന്ദേശത്തിൽ പറയുന്നു. പാകിസ്താനില്‍ ഉപയോഗത്തിലുള്ള 82 ല്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറില്‍നിന്നാണ് സന്ദേശം വന്നത്. സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ ദുരന്തനിവാരണ സമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവി ദേശീയ സുരക്ഷ ഏജന്‍സികള്‍ക്കും സംഭവത്തിന്റെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയും വിഷയത്തില്‍ അന്വേഷണം നടത്തും. നേരത്തെ കൊല്ലം കലക്ടറേറ്റിൽ ബോംബ് സ്ഫോടനം ഉൾപ്പടെയുള്ള ഭീകര പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. അതിനാൽ തന്നെ ഈ വിഷയത്തെയും പൊലീസ് ഗൗരവമായാണ് കാണുന്നത്.