scorecardresearch
Latest News

ഇനി പുതിയ വേഷം; കാക്കി ജീവിതത്തിൽ നിന്നും അവധിയെടുത്ത് മെറിൻ ജോസഫ് ഐപിഎസ്

നിലവിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ആണ് മെറിൻ ജോസഫ്

merin joseph ips, മെറിൻ ജോസഫ്
മെറിൻ ജോസഫ്

ന്യൂഡൽഹി: പൊലീസ് സേവനത്തിൽ നിന്നും താത്കാലിക ഇടവേളയെടുക്കാൻ യുവ ഐപിഎസ് ഓഫീസർ മെറിൻ ജോസഫ്. ബ്രിട്ടീഷ് സർക്കാരിന്‍റെ സ്കോളർഷിപ്പ് നേടി  ഉപരിപഠനത്തിന് പോകുകയാണ് മെറിൻ ജോസഫ്. ഒരു വർഷത്തെ പഠനത്തിനായി ഓക്സ്‌ഫോർഡ് സർവകലാശാലയിലേക്കാണ് മെറിൻ ജോസഫ് പോകുന്നത്.

ബിഎ ഹോണേഴ്സ് ബിരുദധാരിയായ മെറിൻ പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്സിനാണ് ബ്രിട്ടീഷ് ചീവ്നിങ് ഗുരുകുൽ സ്കോളർഷിപ്പ് നേടിയത്.

നിലവിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ആണ് മെറിൻ ജോസഫ്. സർക്കാരിന്‍റെ അന്തിമ അനുമതി ലഭിച്ചാലുടന്‍  ലണ്ടിനേക്ക് പോകും. മെറിനൊപ്പം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥ നിശാന്തിനിക്കും ഇത്തവണത്തെ സ്കോളർഷിപ്പുണ്ട്. സ്കോളർഷിപ്പ് നേടിയവർക്ക് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സ്വീകരണം നൽകി. ഇന്ത്യയിൽ പല മേഖലകളിലുള്ള 12 പേർക്കാണ് ബ്രിട്ടീഷ് ചീവ്നിങ് ഗുരുകുൽ സ്കോളർഷിപ്പ്.

എറണാകുളത്ത് ജനിച്ച് ഡൽഹിയിൽ വളർന്ന റാന്നി സ്വദേശിനിയായ മെറിൻ ജോസഫ് 2012 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. പത്ത് മാസം മുൻപ് ആണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ആയി ചാർജെടുത്തത്.

മൂന്നാറിലും കോഴിക്കോട്ടും എറണാകുളത്തും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് തിരുവനന്തപുരത്ത് റെയില്‍വേ എസ്‌പിയായി. വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കുക, അന്വേഷണത്തിലുള്ള കേസുകള്‍ വേഗം പൂര്‍ത്തിയാക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തടയുക എന്നിവയ്ക്കായിരുന്നു ചാർജ് എടുക്കുന്ന സമയത്ത് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് മെറിൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം കലക്ടറായിരുന്ന കെ.വാസുകിയും അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഉപരിപഠനത്തിനായി വിദേശത്ത് പോയിരുന്നു. തിരിച്ചു വന്നതിന് ശേഷം സർവേ ഡയറക്ടറായി ചുമതലയേൽക്കുകയും എന്നാൽ മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലാകുകയും ചെയ്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Merin joseph ips going to london for higher studies