കൊച്ചി: നഗരമധ്യത്തിൽ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ റിട്ട അദ്ധ്യാപികയെയും മകളെയും പൊലീസ് പിടികൂടി. കലൂർ ആർകെ നഗറിൽ വട്ടേക്കുന്നം ലെയിനിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ച അമ്മയും മകളുമാണ് അറസ്റ്റിലായത്. അമ്മയ്ക്ക് സംഭവത്തെ കുറിച്ച് അറിവില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
അമ്മയ്ക്ക് തൈറോയ്‌ഡ് അസുഖമാണെന്നും ഇതിന് മരുന്നുണ്ടാക്കാനാണ് ചെടികൾ വളർത്തിയതെന്നുമാണ് മകൾ മേരി ആൻ ക്ലെമറ്റ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എറണാകുളം ടൗൺ നോർത്ത് പൊലീസ് അറിയിച്ചു.
മേരി ആൻ ക്ലെമറ്റ് ടൂറിസ്റ്റ് ഗൈഡായി ജോലി നോക്കിയിരുന്നതായി പൊലീസ് പറഞ്ഞു. അഞ്ച് ചെടികളാണ് ഇവർ ടെറസിൽ നട്ടുവളർത്തിയിരുന്നത്. ഇതിന് ആറടിയോളം വളർച്ചയുണ്ടായിരുന്നു. ഇവർക്ക് കഞ്ചാവ് മാഫിയയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നതായാണ് വിവരം. അതേസമയം സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ പൊലീസ് തയ്യാറായില്ല.