പമ്പ: ശബരിമലയിൽ പ്രായഭേദമന്യേയുളള സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ഒരു സ്ത്രീ കൂടി മല കയറാനെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റിയാണ് മല കയറാനായി പമ്പയിൽ എത്തിയത്. ഇവർക്ക് 46 വയസ്സാണ്. ഒറ്റക്കാണ് യുവതി മല ചവിട്ടാനെത്തിയത്.

വിദ്യാരംഭ ദിനത്തിൽ അയ്യപ്പനെ കാണാൻ ആഗ്രഹം തോന്നിയതുകൊണ്ടാണ് മല കയറാൻ എത്തിയതെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ഗൾഫിലാണ് ജോലി ചെയ്യുന്നത്. ഒറ്റയ്ക്കാണ് വന്നത്. പ്രതിഷേധിക്കാനല്ല. എല്ലാ മതത്തിലും വിശ്വാസമുണ്ട്. പളളിയിലും മോസ്കിലും അമ്പലത്തിലും പോകാറുണ്ട്. പതിനെട്ടാം പടിയുടെ മുകളിൽ ഇരിക്കുന്ന അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണ് വന്നതെന്നും ഇവർ പറഞ്ഞു.

പൊലീസ് എത്തി യുവതിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും മേരി മല കയറാനുളള തീരുമാനത്തിൽനിന്നും ആദ്യം പിന്മാറിയില്ല. ഞാനൊന്നു അയ്യപ്പനെ കണ്ടോട്ടെ എന്നായിരുന്നു യുവതി ആവശ്യപ്പെട്ടത്. ഇതോടെ പ്രതിഷേധക്കാർ ശരണം വിളികളുമായി പ്രതിഷേധം ഉയർത്തി. യുവതിയുമായി പൊലീസ് വീണ്ടും ഏറെ നേരം സംസാരിച്ചു. പിന്നീട് ഇവരെ പൊലീസ് കൺട്രോൾ റൂമിലെത്തിച്ചു.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

രാവിലെ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും മാധ്യമപ്രവർത്തക കവിതയും മല ചവിട്ടി സന്നിധാനം വരെ എത്തിയിരുന്നു. നടപ്പന്തൽവരെ പൊലീസിന്റെ സുരക്ഷയോടെയാണ് യുവതികൾ എത്തിയത്. പൊലീസ് ഹെൽമറ്റും ധരിച്ചാണ് ഇവർ മല കയറിയത്. നടപ്പന്തലിൽ എത്തിയപ്പോൾ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു.

പതിനെട്ടാം പടിക്ക് താഴെ കുത്തിയിരുന്ന് പ്രതിഷേധക്കാർ ശരണം വിളികളുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാർക്കൊപ്പം പരികർമ്മികളും ചേർന്നതോടെ യുവതികളെ തിരിച്ചിറക്കുകയല്ലാതെ പൊലീസിനു വേറെ വഴിയില്ലാതായി. യുവതികൾ എത്തിയാൽ സന്ദർശനം നടക്കില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര് ഐജി ശ്രീജിത്തിനെ അറിയിച്ചു. ഐജി യുവതികളെ കാര്യങ്ങൾ പറഞ്ഞത് ബോധ്യപ്പെടുത്തി. ഇതോടെ മല ഇറങ്ങാൻ യുവതികൾ തയ്യാറായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.