തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മേഴ്‌സി കുട്ടന്‍ രാജിവെച്ചു. കാലാവധി തീരാന്‍ ഒന്നരവര്‍ഷം ശേഷിക്കെയാണ് രാജി.മേഴ്‌സികുട്ടനൊപ്പം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ മുഴുവന്‍ സ്റ്റാഡിംഗ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു ഷറഫലിയാണ് പുതിയ പ്രസിഡന്റ്.
സര്‍ക്കാര്‍ രാജിവയ്ക്കാനാവശ്യപ്പെട്ടതോടെയാണ് മേഴ്‌സി കുട്ടന്‍ പടിയിറങ്ങുന്നത്. കായിക മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടത്. മേഴ്‌സി കുട്ടനൊപ്പം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റിനോടും 5 സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളോടും രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കായികതാരങ്ങള്‍ക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍, സര്‍ക്കാര്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്‌സി കുട്ടന്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മന്ത്രിയും മേഴ്‌സി കുട്ടനും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.