കോഴിക്കോട്: വ്യാപാര മേഖലയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾക്കെതിരെ സംസ്ഥാനത്ത് ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധിക്കുന്നു. ചരക്ക് സേവന നികുതിയിലെ അപാകതകൾ പരിഹരിക്കുക, തൊഴിൽ നിയമത്തിലെ വ്യാപാരി ദ്രോഹ നിർദ്ദേശങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സിപിഎം അനുകൂല വ്യാപാരി വ്യവസായി സമിതിയാണ് പ്രതിഷേധ സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് 24 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്നൊരുക്കങ്ങളില്ലാതെയാണ് ജിഎസ്‌ടി നടപ്പിലാക്കിയതെന്നാണ് വ്യാപാരികളുടെ പരാതി.

കച്ചവടം ഗണ്യമായി കുറഞ്ഞതും, വിലക്കയറ്റം രൂക്ഷമായതും ജിഎസ്‌ടി മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയത് മൂലമാണെന്ന് വ്യാപാരികൾ പറയുന്നു. പ്രതിഷേധ സമരത്തിന്റെ ഭാഗമായി വ്യാപാരികൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുന്നുണ്ട്.

തൊഴിൽ നിയമം പരിഷ്കരിക്കുമ്പോൾ 500 രൂപ പിഴ ഈടാക്കിയിരുന്നിടത്ത് ആവശ്യപ്പെടുന്നത് അഞ്ച് ലക്ഷം രൂപയാണ്. ഇതടക്കം വാടക-കുടിയാൻ, തൊഴിൽ നിയമങ്ങളിലെ പരാതികളും പരിഹരിക്കണമെന്നാണ് ആവശ്യം. ദേശീയപാതാ വികസനം നടപ്പാക്കുമ്പോൾ കച്ചവടക്കാർക്കായി പാക്കേജ് അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook