കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഉപ്പിലിട്ട വിഭവങ്ങൾ വിൽക്കുന്നത് നിരോധിച്ച കോർപ്പറേഷൻ നടപടിക്കെതിരെ പ്രതിഷേധവുമായി കച്ചവടക്കാർ. ഉപ്പിലിട്ടവയിൽ ആസിഡ് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവർക്കും നിരോധനം ഏർപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പ്രശ്നം ചർച്ച ചെയ്യാൻ കോഴിക്കോട് മേയർ കച്ചവടക്കാരുടെ പ്രതിനിധികളുമായി തിങ്കളാഴ്ച യോഗം നടത്തും.
ബീച്ചിലെ ഉപ്പിലിട്ടതു വിൽക്കുന്ന കടയിൽനിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചതിനെത്തുടർന്ന് തൃക്കരിപ്പൂർ സ്വദേശികളായ രണ്ട് കുട്ടികള്‍ക്കു പൊള്ളലേറ്റ സംഭവത്തെ തുടർന്നാണ് കോഴിക്കോട് കോർപ്പറേഷന്റെ നടപടി. ഉപ്പിലിട്ടവ വില്‍ക്കുന്ന തട്ടുകടകള്‍ക്കെല്ലാം നിരോധനം ഏല്‍പ്പെടുത്തിയതോടെ നൂറുകണക്കിനാളുകളുടെ ഉപജീവനമാര്‍ഗ്ഗമാണ് വഴിമുട്ടിയത്.
സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്നടത്തിയ പരിശോധനയിൽ ഒന്നിലും അപകടകരമായ അളവില്‍ ആസിഡിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയിട്ടും ഇത്തരമൊരു നടപടി എന്തിനാണ് എന്നതാണ് കച്ചവടക്കാരുടെ ചോദ്യം.
എന്നാൽ താൽക്കാലികമായെങ്കിലും കടകൾ അടച്ചിട്ടാലേ നടപടികൾ ഫലപ്രദമാകൂ എന്നാണ് കോർപ്പറേഷൻ നിലപാട്. ഇത് സംബന്ധിച്ച് കച്ചവടക്കാർക്ക് ബോധവത്കരണം നൽകാനും കോർപ്പറേഷൻ ഒരുങ്ങുന്നുണ്ട്.
Also Read: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്; സംസ്കാരം വൈകുന്നേരം