കൊച്ചി: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ച് പേരെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. അതേസമയം, പിടിയിലായവര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്. ഒരാള്‍ നേരത്തെ ആര്‍എസ്എസിന്റെ നേതാവായിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ട് പേർ ആർ എസ് എസ് സജീവ പ്രവർത്തകരാണെന്നും റിപ്പോർട്ട്.
കൊല്ലം സ്വദേശി അമർനാഥ് ബൈജുവാണ് വാട്‌സാപ് ഹർത്താലിന്റെ സൂത്രധാരൻ എന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. വാട്സാപ് ഹർത്താൽ കേസിൽ അമർനാഥ് ബൈജുവിന് പുറമെ തിരുവനന്തപുരം കുന്നപ്പുഴ എം.ജെ.സിറിൽ (22), നെല്ലിവിള വെണ്ണിയൂർ സുധീഷ് (22), നെയ്യാറ്റിൻകര വഴുതാക്കൽ ഗോകുൽ ശേഖർ (21), നെല്ലുവിള വെന്നിയൂർ അഖിൽ (23) എന്നിവരെയും അറസ്റ്റ് ചെയ്തു.
വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച സന്ദേശത്തിന് പിന്നിലെ ഗൂഢാലോചന പൊലീസ് അന്വേഷിച്ച് വരികയാണ്. 20 നും 25 നും ഇടയില്‍ പ്രായമുളളവരാണ് പിടിയിലായത്. എസ്‌പി പി.ദേബേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രചരണത്തിന്റെ മുഖ്യസൂത്രധാരനടക്കമുള്ളവരാണ് പിടിയിലായത്
ഹർത്താലിന് 48 മണിക്കൂർ മുമ്പാണ് വാട്സാപ്പിൽപ്പിൽ ഗ്രൂപ്പുണ്ടാക്കിയതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. വോയ്സ് ഓഫ് യൂത്ത്, വോയ്സ് ഓഫ് സിസ്റ്റേഴ് എന്നീ പേരിലുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പുകളിൽ നിന്നുമാണ് ഹര്‍ത്താല്‍ ആഹ്വാന സന്ദേശം മലപ്പുറത്ത് പ്രചരിച്ചത്. ഗ്രൂപ്പിന്റെ അഡ്മിന്‍ പതിനാറുകാരനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മലപ്പുറം കൂട്ടായി സ്വദേശിയാണ്. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. അതേസമയം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.
കോഴിക്കോട് അറസ്റ്റിലായവരുടെ ഫോണുകളും നിരീക്ഷിച്ച് വരിയാണ് പൊലീസ്. അറസ്റ്റിലായവര്‍ അംഗമായ, സന്ദേശം പ്രചരിച്ച ഗ്രൂപ്പുകളിലെ അഡ്മിന്മാരെ വിളിച്ച് വരുത്തിയാണ് അന്വേഷണം. ഹര്‍ത്താലിനിടെ മലപ്പുറം ജില്ലയിലെ പലയിടത്തായി അക്രമം നടന്നിരുന്നു. പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ എന്നിവിടങ്ങിളിലായിരുന്നു അക്രമം നടന്നത്. താനൂരില്‍ പൊലീസിന് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.
എന്നാൽ അറസ്റ്റിലായവരുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. വാട്സാപ്പ് ഹർത്താലിന് പിന്നിലുളളത് ആർ എസ് എസ് പ്രവർത്തകരാണെന്നുളളത് അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു