കാസര്‍ഗോഡ്: കാസര്‍ഗോഡ് പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചത് മിലിയോഡോസിസ് കാരമെന്ന് ഡോക്ടര്‍മാര്‍. മീഞ്ച സ്‌കൂളിലെ അധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), ഷിഹാറത്തുല്‍ മുന്‍ ജഹാന്‍ (6 മാസം) എന്നിവരാണ് മരിച്ചത്.

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ വഴി പിടിപെടുന്ന രോഗമാണ് മെലിയോഡോസിസ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍കോട് ഡി.എം.ഒ അറിയിച്ചു.

രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ പ്രത്യേകിച്ചും പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മാരക അസുഖം ബാധിച്ചവരില്‍ ഈ രോഗം മാരകമായേക്കാം. സാധാരണക്കാരില്‍ ആന്റിബയോട്ടിക് മരുന്ന് ഉപയോഗിച്ച് രോഗത്തെ ഇല്ലാതാക്കാനാകും.

ആരോഗ്യ പ്രവര്‍ത്തകര്‍ രോഗാണുവിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. മുന്‍കരുതല്‍ എന്ന നിലയില്‍ കുട്ടികളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷിച്ചു വരുന്നു. നിലവില്‍ അവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല.

കടുത്ത പനിബാധിച്ച് ഇരുവരും മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഷിഹാറത്തുല്‍ മുന്‍ജഹാന്‍ ചൊവ്വാഴ്ച വൈകിട്ടും ഷിനാസ് ബുധനാഴ്ച്ച രാവിലെയുമാണ് മരണപ്പെട്ടത്. കഴിഞ്ഞയാഴ്ച്ച ദമ്പതികളും രണ്ടു മക്കളും അസറുന്നിസയുടെ മുഗുറോഡിലുള്ള വീട്ടില്‍ പോയിരുന്നു. തിരിച്ചു വരുമ്പോഴാണ് പനി ബാധിച്ചത്.

രണ്ട് കുട്ടികളെ പനി ബാധിച്ച നിലയില്‍ ആദ്യം ചെങ്കള ഇ.കെ. നായനാര്‍ ആസ്പത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. പരിഭ്രാന്തിവേണ്ടെന്ന് ജില്ലാ കളക്ടര് ഡോ.ഡി.സജിത് ബാബു അറിയിച്ചു. കഴിഞ്ഞ 22നാണ് കുട്ടികളെ പനിയെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.