തിരുവനന്തപുരം: കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ സമരം പിൻവലിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. അപാകതകൾ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ജീവനക്കാർ അറിയിച്ചു. ജീവനക്കാരുടെ സമരം ഇന്നു രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. പണിമുടക്കിനെത്തുടർന്ന് കേരളത്തിൽ പലയിടത്തും ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുളളവ മുടങ്ങി. നഗരപ്രദേശങ്ങളെക്കാൾ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെയാണ് സമരം കൂടുതൽ ബാധിച്ചത്.

സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇന്നലെ മുതൽ ജീവനക്കാർ സമരം തുടങ്ങിയത്. രാത്രിസമയം കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനും ഡബിൾ ഡ്യൂട്ടിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് മാനേജ്മെന്റ് സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയത്. രാത്രിയിലാണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതലും നടക്കുന്നത്. അതിനാൽ പകൽ രണ്ടു സിംഗിൾ ഡ്യൂട്ടിയിൽ വരുന്നവർക്കും കാര്യമായ ജോലിയില്ല. എന്നാൽ രാത്രിയിൽ ആവശ്യത്തിന് ജോലിക്കാരുമില്ല. ഇതൊഴിവാക്കാനാണ് മാനേജ്മെന്റ് സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

ഈ നിർദ്ദേശം അംഗീകരിക്കില്ലെന്നാണ് മെക്കാനിക്കൽ ജീവനക്കാരുടെ നിലപാട്. എന്നാൽ ജീവനക്കാർ എതിർത്താലും പുതിയ ഉത്തരവുമായി ഡ്യൂട്ടി മുന്നോട്ടുപോകുമെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് ജീവനക്കാർ പണിമുടക്ക് തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ