തൊടുപുഴ: മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തം മൊട്ടിടാൻ നാലുമാസം മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. എട്ടു ലക്ഷത്തിലധികം സഞ്ചാരികളെയാണ് ഇത്തവണത്തെ നീലക്കുറിഞ്ഞിക്കാലത്ത് പ്രതീക്ഷിക്കുന്നത്.

നീലക്കുറിഞ്ഞി പൂക്കാലത്തിനു വരുന്ന ജൂലൈയില്‍ തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുമാസം നീളുന്ന പ്രധാന നീലക്കുറിഞ്ഞി പൂക്കാലത്ത് മൂന്നാര്‍ മലനിരകള്‍ നീലപ്പുതപ്പു വിരിച്ച പോലെയായിരിക്കും കാണപ്പെടുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ ഈ നീലവസന്തം കാണാനെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

നീലക്കുറിഞ്ഞി പൂക്കാലത്തെ വരവേല്‍ക്കുന്നതിന് മുന്നോടിയായുള്ള അവസാന യോഗമാണ് ജില്ലാ കലക്ടർ ജി.ആര്‍.ഗോകുലിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ ഇന്നലെ ചേര്‍ന്നത്. നീലക്കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ ഉടന്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് കലക്ടർ യോഗത്തില്‍ വ്യക്തമാക്കി. മൂന്നാര്‍ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപ്പാക്കേണ്ട അടിയന്തര ക്രമീകരണങ്ങളും മറ്റും ആക്ഷന്‍ പ്ലാനില്‍ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നീലക്കുറിഞ്ഞികള്‍  കൂടുതൽ പൂക്കുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലെ വർധന പ്രതീക്ഷിച്ച് നടപടികൾ സ്വീകരിച്ച് തുടങ്ങി. ഇവിടുത്തെ പ്രവേശനത്തിനായുളള 75 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനായാവും നല്‍കുകയെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. പഴയ മൂന്നാറിനു സമീപം പ്രത്യേക ടിക്കറ്റ് കൗണ്ടര്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. മറയൂര്‍ ഭാഗത്തു നിന്നു വരുന്ന സഞ്ചാരികള്‍ക്ക് തിരക്കില്‍പ്പെടാതെ തന്നെ ടിക്കറ്റ് ലഭ്യമാക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നീലക്കുറിഞ്ഞി പൂക്കാലത്ത് സഞ്ചാരികളെ സ്വീകരിക്കാന്‍ അടിയന്തര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബറില്‍ വനം മന്ത്രി കെ.രാജുവിന്റ നേതൃത്വത്തില്‍ മൂന്നാറില്‍ ചേര്‍ന്ന യോഗത്തില്‍ ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഈ കമ്മിറ്റി നിരവധി തവണ യോഗം കൂടി നീലക്കുറിഞ്ഞി പൂക്കാലത്തു നടപ്പിലാക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു.

മൂന്നാറില്‍ നിന്നുള്ള ജനപ്രതിനിധികളെയും വ്യാപാരികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയായിരുന്നു യോഗം നടത്തിയത്. ഇടുങ്ങിയ റോഡുകളുള്ള മൂന്നാര്‍ ടൗണില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വലിയ വാഹനങ്ങളുടെ ടൗണിലേക്കുള്ള പ്രവേശനം തടയുന്നവിധത്തിലുള്ള ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് അധികൃതര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ