തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാനിരിക്കെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വൈകിട്ട് നാല് മണിക്ക് സെക്രട്ടറിയേറ്റിലാണ് യോഗം.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ചീഫ് സെക്രട്ടറി, ഡിജിപി, മറ്റ് വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും. അതേസമയം തീർത്ഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ ഒരുക്കങ്ങൾ എങ്ങുമെത്തിയിട്ടില്ല എന്ന ആരോപണം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു.

പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എത്രയും വേഗം പൂർത്തിയാക്കാൻ ഇതിനോടകം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ടാറ്റ പ്രൊജക്ടസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി കഴിഞ്ഞു. ഇതുൾപ്പെടെ ശബരിമലയിലെ വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തും.

ശബരിമല പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വൈകിട്ട് മൂന്ന് മണിക്ക് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലായിരിക്കും ഹര്‍ജികൾ പരിഗണിക്കുക.

ദേവസ്വം ബോർഡ്, തന്ത്രി, പന്തളം കൊട്ടാരം ഉൾപ്പെടെ കേസിൽ കക്ഷികളായിരുന്നവരുടെയും അല്ലാത്തവരുടെയുമായ 48 ഹർജികളാണ് ഇന്ന് പരിഗണനയ്ക്ക് എടുക്കുന്നത്. പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് റിട്ട് ഹർജികളും സുപ്രീം കോടതി ഇന്ന് കേൾക്കും. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നാംഗ ബെഞ്ചാണ് റിട്ട് ഹർജികൾ രാവിലെ പരിഗണിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ