രണ്ട് പ്രളയ കാലങ്ങളിലെ ജീവിതം: 102 കാരന്റെ ഓർമ്മകൾ

രണ്ട് മഹാപ്രളയത്തെയും അതിജീവിച്ച വി.യു രാമകൃഷ്ണ പിള്ള എന്ന 102 കാരൻ അനുഭവങ്ങൾ പങ്കുവെക്കുന്നു

ഹരിപ്പാട്: സംസ്ഥാനത്താകെ ദുരന്തം  വിതച്ച മഹാപ്രളയത്തിന് ശേഷം മലയാളികൾ ആവർത്തിച്ച് പറഞ്ഞൊരു കാര്യമുണ്ട്. “ജീവിതത്തിൽ ഇന്നുവരെ ഇങ്ങനൊരു മഴയും വെള്ളപ്പൊക്കവും ഞാൻ കണ്ടട്ടില്ല.” ഒരുതരത്തിലും താരതമ്യപ്പെടുത്താൻ ഇതുപോലെ മറ്റൊരു പ്രളയം ആരുടെയും ഒർമ്മയിൽ ഉണ്ടാകില്ല. എന്നാൽ അത്തരത്തിൽ താരതമ്യം ചെയ്യാൻ പറ്റുന്ന ഒരാൾ ഉണ്ട്. രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ച ഹരിപ്പാടുകാരൻ വി.യു. രാമകൃഷ്‍ണ പിള്ള .

ഈ വർഷം ഉണ്ടായതുപോലെ ഇതിനുമുമ്പ് കേരളം മുങ്ങിപോയത് തെണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 ലെ വെള്ളപ്പൊക്കത്തിലാണ്. കൊല്ല വർഷം 1099 ൽ സംഭവിച്ചതിനാലാണ് ഇത് തെണ്ണുറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത്. 1924ലെയും 2018ലെയും വെള്ളപ്പൊക്കത്തെ അതിജീവിച്ച മുൻ വില്ലേജ് ഓഫിസർ കൂടിയായ രാമകൃഷ്‍ണ പിള്ള തന്റെ 102-ാം വയസിലും തെണ്ണിറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തെ ഓർത്തെടുക്കുന്നു.

“എനിക്ക് അന്ന് എട്ട് വയസ്സ്. അതേവർഷം തന്നെയാണ് തിരുവിതാംകൂർ മഹാരാജാവ് മൂലം തിരുന്നാൾ രാമ വർമ്മ നിര്യാതനായത്. സംസ്ഥാനമാകെ രാജാവിന്റെ വിയോഗത്തിൽ വിഷമിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രളയവും,” ഹരിപ്പാടെ വീട്ടിലിരുന്ന് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സംഭവം രാമകൃഷ്ണ പിള്ള ഓർത്തെടുത്തു.

“ആ ദിവസങ്ങളിൽ മഴ ആരംഭിച്ചപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു ഇതിനൊരു അവസാനം ഉണ്ടാകുകയില്ലായെന്ന്. കാരണം ദിവസങ്ങളോളം മഴ പെയ്‍തുകൊണ്ടേയിരുന്നു. അന്ന് മഹാരാജവ് നെഞ്ചത്തടിച്ച് ‘എന്റെ പത്മനാഭസ്വാമി’ എന്ന് വിളിച്ചെന്നാണ് കേട്ടറിവ്. ”

തെണ്ണുറ്റിയൊമ്പതിലെ വെള്ളപ്പൊക്കം ഈ വർഷത്തേതിന് സമാനമായിരുന്നു. ലോകാവസാനമാണെന്ന തരത്തിൽ പ്രചരണങ്ങളും സജീവം. നാടാകെ വെള്ളത്തിനടിയിൽ, കൃഷിയിടങ്ങളും കെട്ടിടങ്ങളുമെല്ലാം പ്രളയത്തിൽ മുങ്ങിപോയി. ഉരുൾപ്പൊട്ടലിനെ തുടർന്ന്  ഇടുക്കിയുൾപ്പടെയുള്ള മലയോര മേഖലകളിലെ  ജീവിതവും താറുമാറായി.

നദികളുടെയും പുഴകളുടെയും തീരത്തുള്ള എല്ലാ പ്രദേശങ്ങളും പ്രളയത്തിൽ മുങ്ങി. പത്രവും റേഡിയോയും ഒന്നും ഇല്ലാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്‍തി എത്രത്തോളമെന്നും ഏതൊക്കെ മേഖലയെയായിരുന്നു കൂടുതൽ ബാധിച്ചേക്കുന്നതെന്നും അറിയാൻ ഒരു അവസരവും അന്ന്  ഉണ്ടായിരുന്നില്ല. രാമകൃഷ്ണ പിള്ള പറയുന്നു.

എന്നാൽ ഹരിപ്പാടടുത്ത് വെട്ടുവേനിയിലുള്ള തന്റെ വീട്ടിൽ അന്ന് വെള്ളംകയറിയില്ലെന്ന് രാമകൃഷ്ണ പിള്ള കൂട്ടിച്ചേർത്തു. മഹാപ്രളയം തന്റെ വീടിനെയും തന്നെയും ബാധിച്ചില്ലെന്ന് രാമകൃഷ്ണ പിള്ള ഓർത്തെടുക്കുന്നു.

അതേസമയം ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ലായിരുന്നു. 2018ലെ വെള്ളപ്പൊക്കം രാമകൃഷ്ണ പിള്ളയെയും കുടുംബത്തെയും ബാധിച്ചു. മരുമകൾ ഉഷയ്ക്ക് ഒപ്പം പള്ളിപാടുള്ള വീട്ടിലായിരുന്നു രാമകൃഷ്ണ പിള്ള, കൂടെ ചെറുമകളും അവരുടെ മക്കളും. വെള്ളം ഉയർന്നതോടെ വീട്ടിൽ നിന്ന് ഇറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കേണ്ടി വന്നു.

2018ലെ പ്രളയത്തെ മരുമകൾ ഉഷ ഓർത്തെടുക്കുന്നതിങ്ങനെ- “വെള്ളം ഉയർന്ന് തുടങ്ങിയപ്പോഴെ ഞാൻ അച്ഛനോട് ഇവിടെ നിന്ന് മാറാം എന്ന് പറഞ്ഞു. പക്ഷെ വീട് വിട്ടിറങ്ങാൻ അച്ഛൻ തയ്യാറല്ലായിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വെള്ളം വീടിനകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം പോകാൻ സമ്മതിച്ചത്.”

“എന്നാൽ പെട്ടന്ന് തന്നെ പുറത്ത് വെള്ളം ഭയാനകമായ രീതിയിൽ പൊങ്ങി. ഈ സമയം എന്റെ ഭർത്താവ് സൗദി അറേബ്യയിലും. പ്രായമായ അച്ഛനെയും മകളെയും രണ്ട് കൈകുഞ്ഞുങ്ങളെയുമായി എന്ത് ചെയ്യുമെന്ന് കരുതി ഞാനാകെ വിഷമിച്ചു. ഭാഗ്യത്തിനാണ് അപ്പോൾ കുറച്ച് പൊലീസുകാരും നാട്ടുകാരും എത്തിയത്. അവരൊരു ചെമ്പ് പാത്രത്തിൽ കയറ്റി അച്ഛനെ റോഡിൽ എത്തിച്ചു. അവിടെ നിന്ന് ഒരു ലോറിയിൽ കയറി ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു,” ഉഷ പറഞ്ഞു.

“അപ്രതീക്ഷിതം ആയിരുന്നു” ഒരു ചെറുപുഞ്ചിരിയോടെ രാമകൃഷ്ണ പിള്ള പറഞ്ഞു. എന്നാൽ തനിക്ക് ഭയം തോന്നിയില്ലെന്നും ഒരുപാട് മഴ താൻ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പ്രളയം മനുഷ്യ നിർമ്മിതമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സർക്കാർ നയങ്ങളാണ് സംസ്ഥാനത്തെ ബാധിച്ച മഹാപ്രളയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എംഎസ് സ്വാമിനാഥൻ നേരത്തെ സർക്കാരിന് നിർദ്ദേശങ്ങളടങ്ങിയ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു, പ്രത്യേകിച്ച് കുട്ടനാടിനെ സംബന്ധിച്ച്. എന്നാൽ സർക്കാരും ഉദ്യോഗസ്ഥരും ഇതിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നും രാമകൃഷ്ണ പിള്ള കുറ്റപ്പെടുത്തി. അതുകൊണ്ടാണ് കുട്ടനാടിനെ പ്രളയം ഇത്ര ഗുരുതരമായി ബാധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഒരു ചെവിക്കുള്ള ചെറിയ കേൾവികുറവും ശബ്ദത്തിന്റെ ചെറിയ പതറിച്ചയും ഒഴിച്ചാൽ പൂർണ്ണ ആരോഗ്യവാനാണ് രാമകൃഷ്ണപിള്ള. റോഡിയോയുടെ സ്ഥിരം ശ്രോതാവാണ് അദ്ദേഹം. റോഡിയോയിൽ ചലച്ചിത്ര ഗാനങ്ങൾ കേൾക്കുന്നതാണ് ഏറെ പ്രിയം. ആകാശവാണിയിലെ കഥകളി പദത്തിന്റെ ആരാധകനാണ് രാമകൃഷ്ണ പിള്ള. ഒപ്പം എല്ലാ ദിവസവും പത്രവും നിർബന്ധമാണ് ഈ 102 കാരന്.

വരുന്ന ഒക്ടോബർ 31ന് രാമകൃഷ്ണ പിള്ളയുടെ 103-ാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുകയാണ് മക്കളും ബന്ധുക്കളും. പിറന്നാൾ ദിനം ആർഭാടങ്ങളില്ലാതെ അനാഥരായ കുട്ടികളോടൊപ്പം ആഘോഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Meet the man who lived and survived keralas two worst floods in a century

Next Story
എയ്ഡഡ് കോളേജുകളില്‍ ഇനി സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി കെ.ടി.ജലീൽKT Jaleel, KT Jaleel, Minister KT Jaleel, മന്ത്രി കെടി ജലീൽ, കെടി ജലീൽ, സംസ്ഥാനത്തിന്റെ ധനസ്ഥിതി
The moderation of comments is automated and not cleared manually by malayalam.indianexpress.com