/indian-express-malayalam/media/media_files/uploads/2022/07/medisep-kerala-status-check-full-hospital-list-medisep-kerala-gov-in-medisep-kerala-gov-in-670520.jpg)
Medisep Kerala Status Check Full Hospital List medisep.kerala.gov.in medisep.kerala.gov.in
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് നടപ്പാക്കിയിട്ട് ഒരു മാസം തികയുമ്പോഴും പരാതികൾ തീരുന്നില്ല. ജൂലൈ ഒന്നു മുതല്‍ നടപ്പിലായ മെഡിസെപ് പദ്ധതി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ, പദ്ധതിയെ ചൊല്ലി പരാതികൾ ഉയരുന്നതും അവ പരിഹരിക്കാൻ കഴിയാത്തതും സർക്കാരിന് തലവേദനയായിട്ടുണ്ട്.
കരാർ ഒപ്പിട്ട പല ആശുപത്രികളുടെയും നിസഹകരണ മനോഭാവമാണ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾക്കു പിന്നിൽ. പദ്ധതിക്കു കീഴിൽ 30 ലക്ഷത്തിലേറെപ്പേരാണുള്ളത്. എല്ലാ ജില്ലകളിലും ഭാഗികമായി ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളാണ് കൂടുതലുള്ളത്. ചില ആശുപത്രികളിൽ കരാർ പ്രകാരമുള്ള എല്ലാ ചികിത്സകളും നൽകാത്തത് രോഗികളെ വലയ്ക്കുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ആശുപത്രികളാണ് പദ്ധതിയോട് കൂടുതൽ നിസഹകരണ മനോഭാവം പുലത്തുന്നത്.
ആശുപത്രികൾക്കെതിരെ കർശന നിലപാടെടുക്കാൻ സർക്കാർ മടിക്കുന്നുവെന്ന പരാതികളും വ്യാപകമാണ്. പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടിയെടുക്കാൻ കഴിയുന്ന എസ്റ്റാബ്ലിഷ്മെന്റ് നിയമം സർക്കാർ പൂർണമായി നടപ്പാക്കിയിട്ടില്ല. അതേസമയം, ഇപ്പോഴുള്ളത് തുടക്കത്തിലെ പ്രശ്നങ്ങൾ മാത്രമാണെന്നാണു സർക്കാരിന്റെ വാദം. ടോൾ ഫ്രീ നമ്പറുകളിൽ ഒരേ സമയം ഒട്ടേറെ കോളുകൾ എത്തുന്നതിനാലാണു തടസ്സമുണ്ടാകുന്നത്. കൂടുതൽ പേരെ നിയമിച്ചും ലൈനിന്റെ ശേഷി കൂട്ടിയും പ്രശ്നം പരിഹരിക്കുമെന്നും ആശുപത്രികളിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ജീവനക്കാർക്കു പരിശീലനം നൽകിയിട്ടുണ്ടെന്നും സർക്കാർ പറയുന്നു.
മെഡിസെപ് പദ്ധതി
സാധാരണ ചികിത്സകള്‍ക്ക് മൂന്നു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് 20 ലക്ഷം രൂപ വരെ ലഭിക്കും. ഗുണഭോക്താക്കള്‍ക്ക് കാഷ്‌ലെസ് ചികിത്സ വാഗ്ദാനം ചെയ്യുന്നതാണു മെഡിസെപ് പദ്ധതി.
പദ്ധതിയില്‍ അംഗങ്ങളാകുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടക്കേണ്ടത്. മൂന്ന് വര്‍ഷത്തെ പോളിസി കാലയളവിനുള്ളില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഇതില്‍ 1.5 ലക്ഷം രൂപ ഓരോ വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതാണ്. ഉപയോഗിക്കാത്ത പക്ഷം അസാധുവാകുകയും ചെയ്തു. പ്രതിവര്‍ഷ പരിരക്ഷയില്‍ ശേഷിക്കുന്ന 1.5 ലക്ഷം രൂപ മൂന്ന് വര്‍ഷത്തെ ബ്ലോക് പിരീഡിനകത്ത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.