മലപ്പുറം: പ്രചാരണങ്ങളുടെ കൊഴുപ്പിലും ഭീതിയിലും നിറച്ച് വാക്സിൻ വിരുദ്ധ ക്യാംപെയിനുകൾ വീണ്ടും ശക്തമാകുമ്പോൾ അതിനെതിരെ ഒരു ഡോക്ടർ സ്വന്തം കുടുംബത്തെ മുൻനിർത്തി പോരാടുന്നു. എന്രെ മക്കളാണിവർ ഇവർ മീസിൽസ് റൂബെല്ലാ വാക്സിനെടുക്കുമെന്ന ഉറപ്പും മറ്റ് വാക്സിനുകൾ എടുത്തുവെന്നുമുളള തെളിവാണ് ആ ഡോക്ടർ നൽകുന്നത്. മതത്തിന്രെ പേരിലും ഇല്ലാക്കഥകളുടെ പേരിലുമാണ് വാക്സിൻ വിരുദ്ധർ കേരളത്തിലൂടനീളം അരങ്ങുതകർക്കുകയും ഭീതി പടച്ചുവിടുകയും ചെയ്യുന്നതെന്ന് ഡോക്ടർമാർ പറയുന്നു. അശാസ്ത്രീയതയും കെട്ടുകഥകളും ഊതിവീർപ്പിച്ച വാർത്തകളുമായി വാക്സിൻ വിരുദ്ധർ അരങ്ങ് തർക്കുമ്പോൾ ഏറെ വർഷമായി സർക്കാർ സംവിധാനങ്ങൾ മൗനത്തിലായിരുന്നു. എന്നാൽ ഡിഫ്തിരീയ ഉൾപ്പടെ പല രോഗങ്ങളും കേരളത്തിൽ വ്യാപകമായി മടങ്ങി വന്നപ്പോൾ പഴയതുപോലെ മൗനം പാലിക്കാൻ സർക്കാരിന് കഴിയാതെ വന്നു. ഒപ്പം ചുറുചുറുക്കും ശാസ്ത്രീയതയിലും ആധുനിക ആരോഗ്യ പരിപാലന സംവിധാനങ്ങളിലും താൽപര്യവും അറിവും കഴിവുമുളള കുറെ ഡോക്ടർമാരും ഒപ്പമെത്തി. ​ഇതോടെ വാക്സിൻ വിരുദ്ധർ ഒന്നടങ്ങിയത്. എന്നാൽ അവർ പല കെട്ടുകഥകളും കൂട്ടുപിടിച്ച് ആളുകളെ ഭയപ്പെടുത്തി ഇല്ലാക്കഥകളും ഗൂഢാലോചന കഥകളുമായി രംഗപ്രവേശം ചെയ്യുന്നത് ഇത് മറികടക്കാനുളള ശ്രമങ്ങളിലൊന്നാണ് മലപ്പുറത്തെ ഡോക്ടർ സ്വന്തം മക്കളെ സാക്ഷ്യം നിർത്തി ജനങ്ങളോട് പറയുന്നത്.

ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം വീണ്ടുമൊരു പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി കൂടി ആരംഭിക്കുമ്പോള്‍ ആരോഗ്യ വകുപ്പിന് അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ് വാക്‌സിന്‍ വിരുദ്ധരുടെ നീക്കങ്ങള്‍. മീസില്‍സ്, റൂബെല്ല രോഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്‌സിനേഷന്‍ പരിപാടി വന്നതോടെ ചെറിയൊരിടവേളയ്ക്കു ശേഷം വാക്‌സിന്‍ വിരുദ്ധ പ്രചാരകരും രംഗത്തെത്തിയിരിക്കുന്നു. വാക്‌സിനേഷന്‍ പദ്ധതികളോട് സംസ്ഥാനത്ത് ഏറ്റവും ശക്തമായ വിമുഖതയും എതിര്‍പ്പും നിലനില്‍ക്കുന്ന മലപ്പുറത്തേക്കാണ് ആരാഗ്യ വകുപ്പും വാക്‌സിന്‍ വിരുദ്ധരും ഉറ്റു നോക്കുന്നത്. ഇവിടെ പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തുടനീളം പദ്ധതി വിജയിച്ചു എന്നു പറയാം.

vaccination campaign, anti -vaccination campaign, malapuram doctors vaccination campaign,

വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരെ ആരോഗ്യ വകുപ്പ് ശക്തമായ നീക്കങ്ങള്‍ നടത്തി വരുമ്പോള്‍ ഇവര്‍ മീസില്‍സ് റൂബെല്ല വാക്‌സിനേഷനെതിരെ ശക്തമായ പ്രചാരണവുമായി വാട്‌സാപ്പില്‍ സജീവമാണ്. ഇതാണ് ആരോഗ്യ വകുപ്പിന് തലവേദനയായിരിക്കുന്നത്. സമൂഹത്തിന്റെ അടിത്തട്ടില്‍ നടക്കുന്ന ഈ വാക്‌സിന്‍ വിരുദ്ധ പ്രചാരണത്തെ എങ്ങനെ പ്രതിരാധിക്കുമെന്ന് തലപുകഞ്ഞ് ആലോചിക്കുന്നതിനിടെയാണ് ഒരു ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തന്നെ കുടുംബസേമതം വാക്സിനേഷൻ ബോധവൽക്കരണവുമായി രംഗത്തു വന്നത്. ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസറായ ഡോക്ടര്‍ എ. ഷിബുലാല്‍ തന്റെ സ്വന്തം മക്കളുടെ ചിത്രം ആരോഗ്യ വകുപ്പിന്റെ പ്രചാരണ വാഹനത്തില്‍ പരസ്യപ്പെടുത്തിയാണ് പ്രതിരോധ കുത്തിവെയ്പ് ബോധവല്‍ക്കരണത്തില്‍ പങ്കാളിയാകുന്നത്.

ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരും അവരുടെ മക്കള്‍ക്ക് മീസില്‍സ് റൂബെല്ല വാക്‌സിന്‍ നല്‍കികൊണ്ട് ജില്ലയിലെ പൊതുജനത്തിന്റെ എതിര്‍പ്പിനെതിരെ പൊരുതാന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ‘എല്ലാവരും ഇതിനു തയാറായിട്ടുണ്ട്. ആരുടെയെങ്കിലും കുടുംബ ചിത്രം ബോധവല്‍ക്കരണ പരിപാടിക്ക് ഉപയോഗിക്കുന്നത് പൊതുജനങ്ങളില്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കുമെന്ന അഭിപ്രായമുയര്‍ന്നപ്പോള്‍ ഞാന്‍ അതിന് തയാറാവുകയായിരുന്നു. ഇക്കാര്യം ഭാര്യയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവരും പൂര്‍ണ പിന്തുണ നല്‍കി. അങ്ങനെയാണ് എന്റെ മൂന്നു മക്കളുടെ ചിത്രം പ്രചാരണ വാഹത്തില്‍ പതിച്ചത്,’ ഡോ. ഷിബുലാല്‍ പറയുന്നു.

dr. shibulal, vaccine, malappuram,

ഡോ.ഷിബുലാലും കുടുംബവും

മലപ്പുറത്തുകാരനായ ഡോ. ഷിബുലാൽ കോഡൂർ താണിക്കൽ സ്വദേശിയാണ്. മകൾ ദിയ എട്ടാം ക്ലാസിൽ പഠിക്കുന്നു. മകൻഭഗത് മൂന്നാം ക്ലാസിലും ഇളയ മകൻ അമന് മൂന്ന് വയസ്സാണ്. ഭാര്യ ഡോ. സീന സുകുമാരൻ മഞ്ചേരി മെഡിക്കൽ കോളജിൽ ഫിസയോളജി അസിസ്റ്റന്ര് പ്രൊഫസറാണ്.

എന്തുകൊണ്ട് ഡോക്ടര്‍ സ്വന്തം മക്കളുടെ തന്നെ ചിത്രവുമായി പ്രചാരണത്തിനിറങ്ങി എന്നതിന് വര്‍ഷങ്ങളായി ജില്ലയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ അനുഭവം തന്നെയാണ് ഉത്തരം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജില്ലയിലെ എടരിക്കോട്ട് മീസില്‍സ് റൂബെല്ല വാക്‌സിന്‍ ബോധവല്‍ക്കരണ പരിപാടിയുമായി എത്തിയപ്പോഴുണ്ടായ അനുഭവം ഡോക്ടര്‍ തന്നെ വിവരിച്ചു. ‘ഒരു രക്ഷിതാവ് എന്നോട് വന്നു ചോദിച്ചത് ഈ വാക്‌സിന്‍ പെണ്‍കുട്ടികളുടെ ഗര്‍ഭധാരണ ശേഷി ഇല്ലാതാക്കാനുള്ള അമേരിക്കയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്നാണ്. ഉടന്‍ തന്നെ അദ്ദേഹത്തെ വിളിച്ച് ആരോഗ്യ വകുപ്പിന്റെ വാഹനത്തിനടുത്ത് കൊണ്ടു പോയി എന്റ മക്കളുടെ ചിത്രം കാണിച്ചു. ഇതെന്റെ മക്കളാണ്. മകളുമുണ്ട്. ഇവര്‍ക്ക് ഞാന്‍ ഈ പദ്ധതിയുടെ ഭാഗമായി പരസ്യമായി തന്നെ വാക്‌സിന്‍ നല്‍കും. അത് നിങ്ങള്‍ക്കും വന്നു കാണാമെന്നു പറഞ്ഞാണ് ഞാന്‍ അദ്ദേഹത്തെ വിശ്വസിപ്പിച്ചത്,’ ഷിബുലാല്‍ പറഞ്ഞു.

ഈ വാക്‌സിന്‍ കുട്ടികളില്‍ ഓട്ടിസത്തിനു കാരണമാകുന്നുവെന്നാണ് മറ്റൊരു കള്ളപ്രചാരണം. വ്യാജ വൈദ്യന്‍മാരുടേയും വാക്‌സിന്‍ വിരുദ്ധരുടേയും പ്രചാരണങ്ങളെ ശക്തമായി നേരിടുമ്പോഴും വാട്‌സാപ്പിലൂടെ നടക്കുന്ന വാക്‌സിന്‍ വിരുദ്ധ പ്രചാരണം വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് ഡോ. ഷിബുലാല്‍ പറയുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെല്ലാം രംഗത്തു വന്നിട്ടുള്ളത്. ‘ഞാന്‍ മാത്രമല്ല. എല്ലാവരുമുണ്ട്. എന്റെ മക്കളുടെ ഫോട്ടോ മാത്രമെ ഉപയോഗിച്ചിട്ടുള്ളൂവെന്നു മാത്രം. ജനങ്ങള്‍ക്കിടയിലുള്ള ഇത്തരം തെറ്റായ ധാരണകളെ തിരുത്താന്‍ എന്റെ മക്കള്‍ക്ക് ഞാന്‍ പരസ്യമായി തന്നെ മീസില്‍സ് റൂബെല്ല വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. ‘പ്രതിരോധ കുത്തിവെപ്പുകളെടുക്കാന്‍ പറയുന്ന ഡോക്ടര്‍മാര്‍ അവരുടെ സ്വന്തം മക്കള്‍ക്ക് ഇതു നല്‍കാറില്ലെന്ന പ്രചാരണവും ശക്തമാണ്. ആരോഗ്യ വകുപ്പിന്റെ ഊര്‍ജ്ജിതമായ ബോധവല്‍ക്കരണം ഇത്തരം തെറ്റിദ്ധാരണകളെ തിരുത്താന്‍ വലിയൊരളവില്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും കൂടുതല്‍ ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്. അതിന്റെ ഭാഗാമായാണ് ഞങ്ങളുടെ മക്കള്‍ക്കും പരസ്യമായി നല്‍കാനുള്ള തീരുമാനമെടുത്തത്,’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ 12.7 ലക്ഷം കുട്ടികള്‍ക്കാണ് മീസില്‍സ് റൂബെല്ല പ്രതിരാധ കുത്തിവെയ്പ്പ് നല്‍കുന്നത്. ചൊവ്വാഴ്ച തുടങ്ങി രണ്ടാഴ്ച നീളുന്ന യജ്ഞത്തില്‍ പ്രധാനമായും സ്‌കൂളുകളേയും അംഗന്‍വാടികളേയുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ശേഷം പ്രാഥമികാരാഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മറ്റുള്ളവര്‍ക്കും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

vaccination campaign, doctors for vaccination, malappuram, anti- vaccination campaign,

പദ്ധതിയുടെ വിജയത്തിനായി ആയുര്‍വേദ, ഹോമിയോപതി വകുപ്പുകളും സഹായിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പദ്ധതികളുടെ ഭാഗമായുള്ള എല്ലാ പരിശീലനങ്ങളിലും ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവരില്‍ നിന്നും മികച്ച സഹകരണം ലഭിക്കുന്നുണ്ടെന്നും ഡോ. സക്കീന പറഞ്ഞു. വാക്‌സിന്‍ വിരുദ്ധ പ്രചാരകര്‍ക്കെതിരെ വിവിധ വകുപ്പുകളുടെ സഹായത്തോടെ ശക്തമായ നടപടിയാണ് സ്വീകരിച്ചു വരുന്നത്. ഇത്തരക്കാരുടെ പൊതുപരിപാടികള്‍ എവിടെ നടന്നാലും ഉടന്‍ വിവരം അറിയിക്കാന്‍ ത്‌ദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും അറിയിപ്പു നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി ഈയിടെ എടപ്പാളിനടുത്ത് ഒരു സ്‌കൂളില്‍ ആരോഗ്യ ക്ലാസെടുക്കാന്‍ ശ്രമിച്ച വാക്‌സിന്‍ വിരുദ്ധ പ്രചാരകനും പ്രകൃതിചികിത്സകനുമായ ജേക്കബ് വടക്കാഞ്ചേരിയെ ആരാഗ്യ വകുപ്പ് തടഞ്ഞിരുന്നു. നെല്ലിശ്ശേരി എയുപി സ്‌കൂള്‍ പിടിഎ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇടപെട്ട് പരിപാടി തടയുകയായിരുന്നു. സ്‌കൂളുകളില്‍ ആരോഗ്യ ക്ലാസെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരെ ക്ഷണിക്കരുതെന്ന് നേരത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതു ലംഘിച്ചാണ് ഇവിടെ ക്ലാസ് സംഘടിപ്പിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലയിലുടനീളം എല്ലാ സ്‌കൂളുകളിലും രക്ഷിതാക്കല്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ സംരക്ഷണ ക്ലാസുകള്‍ സംഘടിപ്പിച്ചു വരുന്നതിനിടെയായിരുന്നു ഈ സംഭവം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.