ഇന്ത്യയിലും കേരളത്തിലും കോവിഡ് 19 രണ്ടാം തരംഗം അതിവ്യാപനം നടക്കുമ്പോൾ ഏറ്റവും അധികം ബാധിക്കുന്ന മേഖലകളിലൊന്നാണ് ഗോത്രവർഗ മേഖലകൾ. കേരളത്തിന്റെയും തമിഴ് നാടിന്റെയും അതിർത്തി പ്രദേശമായ അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങൾക്കിയിൽ കൊവിഡ് വ്യാപനം തടയാൻ തീവ്രയത്നത്തിലാണ് അവിടുത്തെ ആരോഗ്യ പ്രവർത്തകർ.
അട്ടപ്പാടിയിലെ പല ഗോത്രഗ്രാമങ്ങളിലേക്കും എത്തിപ്പെടുക എന്നത് കേരളത്തിലെ മറ്റ് നഗര, ഗ്രാമ പ്രദേശങ്ങളിലെ പോലെ സുഖകരമല്ല. പുഴ മുറിച്ച് കടന്നും മലകയറിയിങ്ങിയും ഒക്കെ വേണം അവിടെയെത്താൻ. വാഹനങ്ങലെത്താ പ്രദേശങ്ങളിലേക്ക് കാൽനടയായി കിലോമീറ്ററുകളോളം താണ്ടി വേണം മെഡിക്കൽ സംഘത്തിന് എത്തിച്ചേരാൻ. അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ ഒറ്റപ്പെട്ടുപോയ ഗോത്രവർഗത്തിൽപ്പെട്ടവരിൽ കോവിഡ് രോഗം വന്നപ്പോൾ അവരെ ചികിത്സിക്കാൻ പുഴ കടന്ന്, മലകയറി, കാട്ടിലൂടെയാണ് പുത്തൂർ ഡൊമിസിലറി കെയർ സെന്ററിലെ ഡോ, സുകന്യയും സംഘവും അവിടെയെത്തിയത്.
ഒന്നാം നമ്പർ കേരളത്തിലെ വറ്റാത്തകണ്ണീരാണ് ഇന്നും അട്ടപ്പാടി. വികസന മാതൃകകളുടെ ഇരകളായിത്തീരുകയും അതിനെ അതിജീവിക്കാനായി പോരാടുകയും ചെയ്യുന്ന തദ്ദേശ ജനവിഭാഗത്തിന്റെ നാട്. ഭൂമിയും ജീവിത സാഹചര്യങ്ങളുമൊക്കെ നഷ്ടമായ ജനതയുടെ കഥകൾ അവിടെ നിന്നും കേൾക്കാൻ കഴിയും മറ്റേത് മലയോര ആദിവാസി ഗ്രാമങ്ങളിലെന്നപോലെ ഇവിടെയും കദന കഥകളുടെ ചരിത്രമാണ് കുടിയേറപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി പലവിധ കാരണങ്ങളാൽ മാധ്യമങ്ങളിൽ നിറഞ്ഞനിൽക്കുകയാണ് അട്ടപ്പാടി. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ശിശുമരണനിരക്ക് അതിഭീമമായ തോതിൽ വർധിച്ചതാണ് ഈ പ്രദേശത്തേക്ക് വീണ്ടും മാധ്യമ ശ്രദ്ധ തിരിയാൻ കാരണം. പട്ടിണിയും പോഷകാഹാരക്കുറവും ആരോഗ്യ രംഗത്തെ പരിമിതികളുമായിരുന്നു അന്ന് അവിടെ മരണനിരക്ക് ഉയരാൻ കാരണമായത്. അതിന് പൂർണ്ണമായ പരിഹാരം കണ്ടില്ലെങ്കിലും ഒരുവിധം ശിശുമരണനിരക്ക് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സാധിച്ചു. അതിന് പിന്നാലെയാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായ ആദ്യ സർക്കാരിന്റെ കാലത്ത് മധു എന്ന ആദിവാസി യുവാവിനെ ഭക്ഷണസാധനങ്ങൾ എടുത്തുവെന്നതിന്റെ പേരിൽ ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത്. അങ്ങനെ കേരളത്തിലെ മുഖ്യധാരയിൽ ആഘോഷിക്കപ്പെടുന്ന വസ്തുതകൾക്കപ്പുറമുള്ള യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് അട്ടപ്പാടിയുടെ ചരിത്രവും വർത്തമാനവും.

ഈ പശ്ചാത്തലം കേരളത്തിലും കോവിഡ് 19 വ്യാപനം ഉണ്ടായ തുടക്കം മുതൽ തന്നെ ആദിവാസി മേഖലയിൽ ഈ രോഗവ്യാപനം തടയുന്നതിന് ശ്രദ്ധയൂന്നണമെന്ന് സർക്കാർ തീരുമാനം ഉണ്ടായിരുന്നു. എന്നാൽ ആദിവാസി മേഖലകളിൽ എത്തിപ്പെടുക എന്നത് ദുർഘടമായ സ്ഥിതിയാണ്. ഗതാഗത സൗകര്യങ്ങൾ, ആശുപത്രി സൗകര്യങ്ങൾ എന്നിവയെല്ലാം പരിമിതമാണ് ഈ പ്രദേശത്ത്. ഭൂ പ്രകൃതിയുടെ പ്രത്യേകത കൊണ്ട് തന്നെ ഒരിടത്ത് നിന്നും മറ്റൊരിടത്ത് എത്തിച്ചേരുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ പുതൂർ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് മുരുകുല എന്ന ആദിവാസി ഗ്രാമം. ഇരുള, മുദുഗർ, കുറുമ്പ എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളിലെ നൂറിലധികം ഗോത്രവർഗ കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. കഴിഞ്ഞ ആഴ്ച, ഇവിടുത്തെ ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് കടുത്ത പനി ഉണ്ടായിരുന്നു. ഈ വിവരം അറിഞ്ഞ ഉടനെ ആരോഗ്യപ്രവർത്തകർ അങ്ങോട്ടേക്ക് തിരിച്ചു. ഡോ. സുകന്യ, ഹെൽത്ത് കെയർ ഇൻസ്പെക്ടർ സുനിൽ വാസു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു, ഡ്രൈവർ സജേഷ് എന്നിവരടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സംഘം മുരുകുല എന്ന ആദിവാസി ഗ്രാമത്തിലെത്തിയത്. അവിടെ എത്തിയ മെഡിക്കൽ സംഘം ശനിയാഴ്ച രാവിലെ തന്നെ ആന്റിജൻ പരിശോധന നടത്താൻ തീരുമാനിച്ചു. . അവർ ആ ഗ്രാമത്തിലെ 30 ലധികം ആളുകളെ ടെസ്റ്റ് ചെയ്തു. അവരിൽ ഏഴ് പേർ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. . രോഗികളായവരെ പിന്നീട് പുത്തൂർ ഡൊമിസിലറി സെന്ററിലേക്ക് മാറ്റി

ഗ്രാമത്തിലെത്തുക എന്നതായിരുന്നു ആരോഗ്യ പ്രവർത്തകർക്ക് മുന്നിൽ ഏറെ വെല്ലുവിളി ഉയർത്തിയ കാര്യം. ഭവാനി പുഴ കടന്ന് വേണം അവിടെയെത്താൻ. ഭവാനിയുടെ തീരത്ത് വരെ വാഹനം എത്തും എന്നാൽ അവിടെ നിന്നും പാലക്കാട് ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന അട്ടപ്പാടി റിസർവ് വനത്തിനുള്ളിലൂടെ എട്ട് കിലോമീറ്റർ ദൂരം നടന്നാൽ മാത്രമേ മുരുകുല ഗ്രാമത്തിൽ എത്താൻ സാധിക്കുകയുയുള്ളൂ. ഡോക്ടർ സുകന്യയും മറ്റ് മൂന്നുപേരും കൂടെ അത്രയും ദൂരം കാട്ടുവഴിയിലൂടെ നടന്നു. ദുർഘടമായ വഴി താണ്ടിയാണ് അവർ ആ സെറ്റിൽമെന്റിൽ എത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി വൈകിയാണ് പുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ സുകന്യക്ക് ആ സന്ദേശം വരുന്നത്. മുരുകുല ഗ്രാമത്തിലെ ഊരിൽ ചിലർക്ക് പനിയുണ്ട് എന്ന വിവരം. ആ ഊരിൽ ഏഴ് കുടുംബങ്ങൾ ഉണ്ട്. ഏഴ് കുടുംബങ്ങളിലുമായി നാൽപ്പത് പേരും. സുകന്യയും സഹപ്രവർത്തകരും മറ്റൊന്നും ആലോചിച്ചില്ല അടുത്തദിവസം ( മെയ് 21) ന് രാവിലെ പുതൂരിൽ നിന്നും യാത്ര തിരിച്ചു.
പുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും വാഹനത്തിലാണ് പോയത്. ഭവാനി പുഴയുടെ തീരം വരെ മുപ്പത് കിലോമീറ്ററോളം ദൂരം വാഹനത്തിൽ പോയി. അവിടെ നിന്നും പുഴ കടന്ന് വേണം പോകാൻ. മുൻകാലങ്ങളിൽ അവിടെ പോയിട്ടുണ്ട്. ഒരുവർഷത്തോളമായി പുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ സുകന്യ പറഞ്ഞു. പക്ഷേ മുൻകാലങ്ങളിൽ പോയതുപോലെയല്ല, ഇത്തവണ പുഴയുടെ സ്വഭാവം എന്ന് ഡോക്ടർ പറയുന്നു.
കനത്ത മഴയിൽ ശക്തിയായ ഒഴുക്കായിരുന്നുപുഴയിൽ. ആളുകൾ പലരും പുഴകടന്ന് പോകുന്നതിനെ തടസ്സപ്പെടുന്ന രീതിയിലാണ് സംസാരിച്ചത്. എന്നാൽ സുകന്യയ്ക്കും സഹപ്രവർത്തകർക്കും മടങ്ങി പോകുക എന്നത് ആലോചിക്കാനേ കഴിയുമായിരുന്നില്ല. കാരണം തലേദിവസം രാത്രി ലഭിച്ച ഫോൺ സന്ദേശത്തിൽ അറിയിച്ചത് 10 പേർക്ക് പനിയാണെന്നാണ്. മുൻകാലങ്ങളിലെ പോലെയല്ല ഈ സാഹചര്യം. കോവിഡ് കാലമാണ്. പുഴയുടെ ഒഴുക്ക് മറികടക്കുക എന്ന റിസ്ക് ഏറ്റെടുക്കുക എന്നതാണ് അവർ തീരുമാനിച്ചത്. അവർ നാലുപേരും പരസ്പരം ഊന്നുവടികളായി പുഴകടന്ന് കാട് കയറി.
അവർ ഊരിലെത്തി പരിശോധന ആരംഭിച്ചു. സ്വാബ് എടുത്ത് പരിശോധിച്ചു ഏഴ് പേർക്ക് പോസിറ്റീവ് ആണ് എന്ന് സ്ഥിരീകരിച്ചു. അടുത്ത വെല്ലുവിളി അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി പുതൂർ ഡി സി സിയിൽ എത്തിക്കുക എന്നതായിരുന്നു. അത് അവരെ കൊണ്ടുവരിക എന്നത് അടുത്ത തടസമായി. കാരണം അവിടെ ഞങ്ങളുടെയൊന്നും ഫോണിന് റെയ്ഞ്ച് ഇല്ല. ഞങ്ങൾ പുഴകടന്ന് തിരികെ എത്തി ആംബുലൻസ് വിളിച്ച് വരുത്തി. രോഗികളും പുഴ കടന്ന് വന്ന് ആംബുലൻസിൽ കയറി. അവരെ ഡിസിസിയിൽ എത്തിച്ചു.
“മുൻകാലങ്ങളിൽ മാസം തോറും നടത്തുന്ന ക്യാംപുകൾ, ഫീൽഡ് പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമായി പലതവണ അവിടങ്ങളിൽ പോയിട്ടുണ്ടായിരുന്നു. അതുകൊണ്ട് സ്ഥലപരിചയമൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ സാഹചര്യം അതായിരുന്നില്ല. കനത്ത മഴയും ഒഴുക്കും, പക്ഷേ പനിയുള്ളവരുടെയും അവിടെ താമസിക്കുന്നവരുടെയും സ്വാബ് എടുത്ത് പരിശോധന നടത്താതെ മാർഗമില്ലയിരുന്നു. അവിടെ പോയി എല്ലാവരെയും ടെസ്റ്റ് ചെയ്തു. രോഗമുള്ളമുള്ളവരെ ചികിത്സയ്ക്കായി കൊണ്ടുവന്നു. അതിന് ശേഷം ഇതുവരെ ഒരു കോവിഡ് കേസ് പോലും ഈ സംസാരിക്കുന്നത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.” ഡോ. സുകന്യ പറഞ്ഞു.
” ഇത്തവണ അങ്ങോട്ട് പോയത് ഇതുവരെ ജീവിതത്തിൽ നേരിട്ടിട്ടില്ലാത്ത അനുഭവമാണ് ഉണ്ടായത്. ഊരിലേക്ക് പോയപ്പോൾ വെള്ളം ഉണ്ടായിരുന്നുവെങ്കിലും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ പുഴ കടക്കാൻ പറ്റി. പക്ഷേ, തിരികെ വന്നപ്പോൾ സ്ഥിതി അതായിരുന്നില്ല. അപ്പോഴേക്കും ഒഴുക്കിന് രാവിലത്തേതിനേക്കാൾ വലിയ തോതിൽ ശക്തി കൂടിയിരുന്നു. തിരികെ പുഴ കടക്കുന്നതിനിടയിൽ ഞങ്ങളൊക്കെ പല തവണ പുഴയിൽ വീണു. ചെറിയ മുറിവും ചതവുമൊക്കെ ഉണ്ടായി. പക്ഷേ, അതൊന്നും പ്രശ്നമല്ല. ആവശ്യക്കാർക്ക് ആരോഗ്യസേവനം കൃത്യസമയത്ത് എത്തിക്കാൻ സാധിച്ചു എന്നതിലുള്ള സന്തോഷത്തിൽ ആ വേദനയൊക്കെ മറക്കും.” ഡോക്ടർ സുകന്യ പറഞ്ഞു.
“കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വ്യാപനം തടയുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനുമായി കേരള സർക്കാർ ആരോഗ്യ പരിരക്ഷാ ഘടനയിൽ കാതലായ ചില മാറ്റങ്ങൾ വരുത്തി. ഡൊമിസിലറി കെയർ സെന്റർ (ഡി സി സി) അതിലെ പ്രധാനപ്പെട്ട ഒന്നാണ്,” പാലക്കാട് ജില്ലാപഞ്ചായത്ത് മുൻ അംഗം രാജൻ പറഞ്ഞു.
“ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ ഡി സി സി വീതം ഉണ്ട്. പ്രധാന ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും അവിടുത്തെ ജീവനക്കാരുടെ ജോലി ഭാരവുംകുറയ്ക്കുന്നതിനും കൂടുതൽ പേർക്ക് അവരുടെ രോഗസ്ഥിതിയുടെ അടിസ്ഥാനത്തിൽ ചികിത്സ നൽകുന്നതിനും ഇത് സഹായിക്കുന്നു. ആശുപത്രികളിലെ ഓക്സിജൻ സംവിധാനങ്ങൾ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഡിസിസികളുടെ പ്രവർത്തനം ഈ പ്രദേശങ്ങളിൽ വളരെയധികം ഉപയോഗിച്ചു. പുത്തൂർ ഡൊമിസിലറി കെയർ സെന്ററിൽ ഇപ്പോൾ 120 ഓളം കിടക്കകളുണ്ട്. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് ഞങ്ങൾ കൂടുതൽ നല്ല ചികിത്സ നൽകുകയും ജീവൻ രക്ഷിക്കുകയാണ്, ” രാജൻ പറഞ്ഞു.

“മൊത്തത്തിലുള്ള കോവിഡ് കെയർ സെന്റർ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് നിരീക്ഷിക്കുന്നുണ്ട്. ഇപ്പോഴത്തേത് ആദ്യ തരംഗം പോലെയല്ല, അട്ടപ്പടി ആദിവാസി മേഖലകളിൽ, രണ്ടാം തരംഗത്തിലെ വ്യാപനം കൂടുതൽ ആദിവാസി ജനതയെ ബാധിക്കുന്നു,” ആദിവാസി ആക്ടിവിസ്റ്റ് ആയ ഒടിയൻ ലക്ഷ്മണൻ അനുഭവം പങ്കിട്ടു.
” സംസ്ഥാന സർക്കാരിന്റെ ഡൊമിലിയറി കെയർ സെന്ററുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പരിശോധന നടത്താനും പ്രതിരോധ കുത്തിവെയ്പ് എടുക്കാനും ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഓക്സിജനെ ആശ്രയിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല, ഈ ഡോക്ടർമാർ ആളുകളെ സഹായിക്കാനായി ത്യാഗസന്നദ്ധരായി. കാൽനടയായി നദി മുറിച്ചുകടക്കാനുള്ള അവരുടെ ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാനാകില്ല,” ലക്ഷ്മണൻ പറയുന്നു.
പ്രതികൂല കാലാവസ്ഥയിലും മുരുകുല ഊരിലെത്തി പരിശോധനയ്ക്കും പ്രവർത്തനങ്ങളെയും ആരോഗ്യ മന്ത്രിയായി ചുമതലേയറ്റ വീണ ജോർജ് അഭിനന്ദിച്ചു. ഫോണിൽ വിളിച്ചും സോഷ്യൽ മീഡിയ വഴിയും ഇവരുടെ പ്രവർത്തനത്തെ ആരോഗ്യ മന്ത്രി പ്രശംസിച്ചു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2,59,179 ആണ് രോഗബാധിതരുടെ എണ്ണം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 18.68% പേർക്ക് 2021 മെയ് 24 വരെ വാക്സിനേഷൻ നൽകിയതെന്നും അതിൽ പറയുന്നു.