തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ സംസ്ഥാനത്ത് ഇന്ന് മെഡിക്കൽ ബന്ദ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായാണ് ഇത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് സമരം. ഇതിന്റെ ഭാഗമായി രാജ്ഭവനിലേക്ക് ഡോക്ടർമാർ മാർച്ച് നടത്തുന്നുണ്ട്.

അത്യാഹിത വിഭാഗം, കിടത്തി ചികിത്സാ വിഭാഗം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങി ഇതര ചികില്‍സ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപതിയിലും ചികില്‍സ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ബിൽ. എംബിബിഎസ് പാസാകുന്നവര്‍ക്ക് പരിശീലനം നടത്താൻ നെക്സ്റ്റ് പരീക്ഷയും കേന്ദ്രം ബിൽ വഴി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ന് പഠിപ്പു മുടക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് സർക്കാർ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ജൂനിയർ ഡോക്ടർമാര്‍ നടത്തിവന്ന സമരം പിൻവലിച്ചു. പെന്‍ഷന്‍ പ്രായവര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ബോണ്ട് വ്യവസ്ഥയിൽ സർക്കാർ ഇളവ് വരുത്തി. ഇതേത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

പിജി പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ബോണ്ട് ആറ് മാസവും സൂപ്പർ സ്പെഷാലിറ്റി പഠനം കഴിയുന്നവർക്ക് ഒരു വർഷവുമാണ് ഇനി മുതൽ ബോണ്ട്. പിജി കഴിഞ്ഞ് ഉടൻ സൂപ്പർ സ്പെഷാലിറ്റി പ്രവേശനം ലഭിക്കുന്നവർക്ക് ഒരു വർഷത്തെ ബോണ്ട് കാലാവധി പൂർത്തിയാക്കിയാൽ മതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ