തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് സീറ്റ് വര്‍ധിപ്പിച്ചുള്ള വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. സീറ്റ് വര്‍ധന സര്‍ക്കാര്‍ കോളജുകളില്‍ മാത്രമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്വാശ്രയ കോളജുകളില്‍ സീറ്റ് വര്‍ധന ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ തിരുത്തിയ ഉത്തരവില്‍ അറിയിച്ചു. പരാതിയുണ്ടെങ്കില്‍ സ്വാശ്രയ കോളജുകള്‍ക്ക് എംസിഐയെ (മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ) അറിയിക്കാം. സാമ്പത്തിക സംവരണം നടപ്പിലാക്കാനാണ് സീറ്റ് വര്‍ധന കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ തിരുത്തിയ ഉത്തരവില്‍ വിശദീകരിച്ചു.
Read More: കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി
സാമ്പത്തിക സംവരണത്തിന്റെ പേരില്‍ 14 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ വന്‍ തോതില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ പേരില്‍ 25 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
വര്‍ധന ആവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കണമെന്ന് സ്വാശ്രയ കോളജുകള്‍ക്ക് സര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശം നല്‍കി. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളജുകളിലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിട്ടുള്ളതായി ആരോപണം ഉയർന്നിരുന്നു.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒൻപത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും 25 ശതമാനം സീറ്റ് വര്‍ധന നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ആദ്യം ഉയർന്ന ആരോപണം. സാമ്പത്തിക സംവരണം നടപ്പാക്കാന്‍ 25 ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കാമെന്ന് എം.സി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.