തൃശ്ശൂർ: ബിജെപി നേതാക്കള്‍ ആരോപണവിധേയരായ മെഡിക്കല്‍ കോഴ വിഷയത്തില്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ഇടപെടുന്നു. ഇന്ന് കേരളത്തിലെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കുമ്മനം രാജശേഖരനുമായും ബിഎല്‍ സന്തോഷുമായും ചര്‍ച്ച നടത്തും. വിവാദത്തിനിടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ ചേരും.

മെഡിക്കല്‍ കോളജിന് അനുമതി വാങ്ങി നല്‍കാന്‍ കോഴ നല്‍കിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെറിയ പോറല്ലല്ല ബിജെപിക്ക് ഏല്‍പ്പിച്ചത്. രാഷ്ര്ടീയ അക്രമങ്ങള്‍ക്കിടെ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിഞ്ഞെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയെന്നതടക്കമുള്ള വാര്‍ത്തകള്‍ ബിജെപിയെ വീണ്ടും പിടിച്ച് കുലുക്കിയിട്ടുണ്ട്. ഇതിനിടയിലാണ് നിര്‍ണ്ണായകമായ സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്. മെഡിക്കല്‍ കോഴയിലെ റിപ്പോര്‍ട്ട്, അതില്‍ നേതാക്കള്‍ വരുത്തിയ തിരുത്തല്‍ എന്നിവ തന്നെയാവും യോഗത്തിലെ പ്രധാന ചര്‍ച്ചകള്‍.

വിവി രാജേഷിനെതിരെ നടപടിയെടുത്തതില്‍ കടുത്ത അതൃപ്തി മുരളീധരപക്ഷത്തുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരേയും കമ്മീഷന്‍ അംഗങ്ങള്‍ക്കെതിരേയും നടപടിയെക്കാതെ രാജേഷിനെതിരെ നടപടിയെത്തതിലെ യുക്തിയാണ് മുരളീധരപക്ഷം ചോദ്യം ചെയ്യുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയവര്‍ക്കെതിരേയും നടപടി വേണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്ന വന്നേക്കും. പാര്‍ട്ടി നിലപാടിനോടുള്ള അതൃപ്തി യോഗത്തില്‍ പ്രകടിപ്പിക്കുമെന്ന സൂചനയാണ് വി മുരളീധരനും നല്‍കിയത്.

അതേസമയം, മെഡിക്കല്‍കോളേജ് കോഴ സംബന്ധിച്ച ബിജെപി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് പാര്‍ട്ടിയുടെ ഉന്നതനേതാക്കളില്‍ ഒരാളില്‍നിന്ന് കാണാതായതായി സൂചന. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, എ.കെ. നസീര്‍ എന്നിവര്‍ രജിസ്‌ട്രേഡ് തപാലിലും ഇ-മെയില്‍ വഴിയുമാണ് റിപ്പോര്‍ട്ട് നേതാക്കള്‍ക്ക് അയച്ചത്.സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാകാര്യ ജനറല്‍സെക്രട്ടറി എം. ഗണേശന്‍, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ക്കാണ് തപാലില്‍ റിപ്പോര്‍ട്ട് അയച്ചത്. ഇതില്‍ സെക്രട്ടറിമാരിലൊരാള്‍ക്ക് തിരുവനന്തപുരത്തെ മേല്‍വിലാസത്തില്‍ തപാലിലയച്ച റിപ്പോര്‍ട്ടാണ് കാണാതായതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ