തിരുവനന്തപുരം: പൊലീസുകാരന് ഗവാസ്കർക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് വൈദ്യ പരിശോധനാ ഫലം. ഗവാസ്കറിന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്കു പരുക്കേറ്റതായും വേദനയും നീര്‍ക്കെട്ടും മാറാന്‍ ആറാഴ്ചയോളം സമയമെടുക്കുമെന്നും റിപ്പോര്‍ട്ട്. ഗവാസ്കറിന്റെ കഴുത്തിനു പിന്നില്‍ മൊബൈല്‍ കൊണ്ട് ഇടിച്ചെന്ന പരാതിയെ വൈദ്യപരിശോധനാ ഫലം ശരിവയ്ക്കുന്നു. റിപ്പോര്‍ട്ട് വക വയ്ക്കാതെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം, സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ പത്തരയോടെ പൊലീസ് ആസ്ഥാനത്താണ് യോഗം. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാംപ് ഫോളോവേഴ്സിനെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് യോഗം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലീസുകാര്‍ അടിമപ്പണി ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നല്‍കിയിരുന്നു.
എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ഗവാസ്കര്‍ ഇന്നലെ പറഞ്ഞിരുന്നു. പരാതി പിന്‍വലിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി. എഡിജിപിയുടെ വീട്ടില്‍ നടക്കുന്നത് നഗ്നമായ മനുഷ്യത്വ ലംഘനമാണ്. പട്ടിയെ പരിശീലിപ്പിക്കാന്‍ വിസമ്മതിച്ച പൊലീസുകാരനെ കാസര്‍കോടിലേക്ക് സ്ഥലം മാറ്റി. മകളെ നോക്കി ചിരിച്ചതിന് അഞ്ചു പൊലീസുകാരെ നല്ല നടപ്പിന് അയച്ചു. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു.
എഡിജിപിയുടെ മകള്‍ സ്നികതയ്ക്കെതിരെയാണ് അദ്ദേഹത്തിന്റെ വാഹനത്തിന്റെ ഡ്രൈവറായ പൊലീസുകാരന് പരാതി നല്‍കിയത്. അസഭ്യം പറയുന്നത് എതിര്‍ത്തതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറാണ് ഗവാസ്കര്‍. കഴിഞ്ഞ ദിവസം രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്ന സമയത്ത് വാഹനത്തിലിരുന്ന് മകള്‍ അസഭ്യം പറഞ്ഞു. ഇതിനെ എതിര്‍ത്തതോടെ എഡിജിപിയുടെ മകള്‍ മൊബൈല്‍ ഫോണുപയോഗിച്ച് കഴുത്തിന് പുറകിലിടിച്ചെന്നാണ് പരാതിയിലുളളത്.
ഇതിനു മുന്‍പും മകളും ഭാര്യയും തന്നെ അസഭ്യം പറഞ്ഞിരുന്നു. ഇക്കാര്യം എഡിജിപിയെ അറിയിച്ചു. ഇതിന്റെ വൈരാഗ്യമാകാം മര്‍ദ്ദത്തിനു പിന്നിലെന്ന് ഗവാസ്കര്‍ പറഞ്ഞു.