തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് ചികിത്സാര്‍ത്ഥം രക്തം സ്വീകരിച്ച ഒന്‍പതുകാരിക്ക് എച്ച്‌ഐവി ബാധിച്ചതായി പരാതി. ചികിത്സയ്ക്കായി ആര്‍സിസിയില്‍ എത്തിയ ആലപ്പുഴ സ്വദേശിനിയായ ഒന്‍പതുകാരിക്കാണ് എയ്ഡ്‌സ് ബാധിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

പെണ്‍കുട്ടിയില്‍ ക്യാന്‍സര്‍ ബാധ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്‍പതിനാണ് ഇവര്‍ ആര്‍സിസിയില്‍ ചികിത്സ തേടിയത്. ഇതിനകം നാല് തവണ പെണ്‍കുട്ടിയെ കീമോതെറാപ്പിക്ക് വിധേയയാക്കി. അതിന്റെ ഭാഗമായി രക്തം സ്വീകരിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് നടന്ന പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും ഈ കുടുംബത്തിന്റെ സംരക്ഷണവും കുട്ടിയുടെ ചികിത്സയും സർക്കാർ ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

അങ്ങേയറ്റം വിഷമത്തോടെയും അതിലേറെ അമർഷത്തോടെയുമാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. എന്റെ നിയോജകമണ്ഡലത്തിൽപ്പെട്ട ഒരു ഒൻപത് വയസുകാരി രക്താർബുദത്തിന് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മാർച്ച്‌ മാസത്തിൽ കുട്ടിയെ പ്രവേശിച്ചതാണ്. ഇപ്പോൾ ഈ കുഞ്ഞ് എച്ച്.ഐ.വി.പോസിറ്റീവ് ആണ്. ചികിത്സയിൽ പ്രവേശിപ്പിക്കുമ്പോൾ എച്ച്‌.ഐ.വി. ബാധിതയായിരുന്നില്ല. നാല് തവണ കീമോതെറാപ്പിയ്ക്ക് വിധേയയാക്കിയിരുന്നു. ഇതേതുടർന്ന് കണ്ണിലുണ്ടായ അണുബാധയ്ക്ക് ശസ്ത്രക്രിയനിർദേശിക്കുകയായിരുന്നു.ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ രക്തപരിശോധന ഫലം മാതാവ് കാണാനിടയായപ്പോഴാണ് കുട്ടിയ്ക്ക് എച്ച്.ഐ.വി. ബാധിച്ച കാര്യം അറിയുന്നത്.
ഗുരുതരമായ വീഴ്ചയാണ് ആർ.സി.സിയിലെ ഡോക്റ്റർമാരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പ്രാഥമിക ചികിത്സാ പ്രോട്ടോക്കോൾ പോലും പാലിക്കാതെയാണ് ഈ കുട്ടിയുടെ ചികിത്സ നിർവഹിച്ചിരിക്കുന്നത്. എച്ച്.ഐ.വി. ബാധിച്ച കാര്യം മാതാപിതാക്കളോട് മറച്ചു വയ്ക്കുകയാണ് അധികൃതർ ചെയ്തത്. അർബുദ ചികിത്സയ്ക്ക് രാജ്യാന്തര തലത്തിൽ പ്രശസ്തമായ ആർ.സി.സി പോലുള്ള സർക്കാർ സ്ഥാപനത്തിന് സ്ഥാപനത്തിന് സംഭവിച്ച വീഴ്ച പൊതുജനാരോഗ്യ സംവിധാനത്തിന് തീരാകളങ്കമാണ്.
ആശുപത്രിക്ക് പുറത്തുള്ള ഒരു വിദഗ്ധ മെഡിക്കൽ സംഘത്തെ അന്വേഷിക്കാൻ നിയോഗിക്കണം,
കുറ്റക്കാർക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഈ കുടുംബത്തിന്റെ സംരക്ഷണവും കുട്ടിയുടെ ചികിത്സയും സർക്കാർ ഏറ്റെടുക്കണം.
ആർ.സി.സിയുടെ സൽപ്പേര് നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണ്.ഒട്ടേറെ രോഗികളുടെ ആശ്രയ കേന്ദ്രവുമാണ്.അതുകൊണ്ട് ഇനിയൊരു രോഗിക്കും ഈ ദുർഗതി സംഭവിക്കാത്ത വിധത്തിൽ ആർ.സി.സി.യുടെ പരിശോധന-ചികിത്സ സംവിധാനം കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള കർശനനിർദേശം കൂടി സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകണം എന്ന് ഞാൻ ശക്തമായി ആവശ്യപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.