കോഴിക്കോട്: നാഷണല്‍ ആശുപത്രിയില്‍ കാല് മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ഡിഎംഒ) അഡീഷണല്‍ ഡിഎംഒ റിപ്പോര്‍ട്ട് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ തെറ്റ് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ചികിത്സ പിഴവ് സംഭവിച്ചെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആശുപത്രി മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയിലാണ് ഓര്‍ത്തൊ വിഭാഗം തലവന്‍ കൂടിയായ ഡോ. പി. ബെഹിര്‍ഷാന്റെ വാക്കുകള്‍.
ഒരു വര്‍ഷം മുന്‍പ് വാതിലിനിടയില്‍ ഇടുത് കാൽ കുടുങ്ങിയതിനെ തുടര്‍ന്നാണ് കക്കോടി സ്വദേശി സജ്ന ചികിത്സ തേടിയത്. എന്നാല്‍ ശസ്ത്രക്രിയ ഇല്ലാതെ തന്നെ രോഗം ഭേദമാകുമെന്നായിരുന്നു ആദ്യം ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇടതു കാലിന് പകരം വലത് കാലിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
”സത്യത്തില്‍ ഞാന്‍ ഇടതു കാലിന് വേണ്ടിയാണ് മുന്നൊരുക്കങ്ങള്‍ നടത്തിയത്. എനിക്ക് കൂടുതലൊന്നും പറയാനില്ല”, ബെഹിര്‍ഷാന്‍ പറയുന്നതായി ദൃശ്യങ്ങളില്‍ കാണാം. ആരോപണങ്ങള്‍ ശക്തമായതിന് പിന്നാലെ കുടുംബവുമായി ആശുപത്രി മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയിലായിരുന്നു ഡോക്ടറിന്റെ വെളിപ്പെടുത്തല്‍.
ശസ്ത്രക്രിയക്ക് ശേഷം ബോധം വന്നപ്പോഴാണ് സജ്ന മനസിലാക്കിയത് വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന്. കുടുംബം ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ വലതു കാലിനും കുഴപ്പമുണ്ടായിരുന്നു. അതിനാലാണ് ശസ്ത്രക്രിയ ചെയ്തതെന്നായിരുന്നു വിശദീകരണം നല്‍കിയിരുന്നത്. ഇടതു കാലിന്റെ ശസ്ത്രക്രിയ വൈകാതെ നടത്താമെന്നും വ്യക്തമാക്കി.
തുടര്‍ന്ന് സജ്നയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നടത്തിയ പരിശോധനയിലും ഇടതു കാലിനാണ് കുഴപ്പമെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. നിസാര വകുപ്പുകള്‍ മാത്രമാണ് ഡോക്ടര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും ആക്ഷേപമുണ്ട്.