ന്യൂഡൽഹി: സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ മെഡിക്കൽ കോളജുകളിലും 11 ലക്ഷം രൂപ ഫീസ് ഏർപ്പെടുത്തി സുപ്രീംകോടതി. 5 ലക്ഷത്തിന് മുകളിലുളള തുകയ്ക്ക് ബാങ്ക് ഗ്യാരന്റി തന്നെ നൽകണം. ബാങ്ക് ഗ്യാരന്റി 15 ദിവസത്തിനകം നൽകണം. ബോണ്ട് നൽകിയാൽ മതിയെന്ന ഹൈക്കോടതിവിധി സുപ്രീംകോടതി തളളി. സർക്കാരുമായി കരാർ ഒപ്പിട്ട കോളജുകളിലും 11 ലക്ഷം ഫീസ് ഏർപ്പെടുത്തി. മാനേജുമെന്റുകളുടെ വാദം അംഗീകരിച്ച കോടതി സംസ്ഥാന സർക്കാരിന്റെ പുനഃപരിശോധന അപേക്ഷ തളളി.

പതിനൊന്ന് ലക്ഷം രൂപ ഫീസ് വാങ്ങാന്‍ കെഎംസിടിക്കും ശ്രീനാരായണകോളജിനും കോടതി നല്‍കിയ അനുമതി പുന:പരിശോധിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. പതിനൊന്ന് ലക്ഷം രൂപ ഫീസ് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാകില്ലെന്നായിരുന്നു കേരളത്തിന്‍റെ പ്രധാന വാദം.

രണ്ട് കോളജുകള്‍ക്ക് മാത്രം പതിനൊന്ന് ലക്ഷം രൂപ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്താണ് സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. മെഡിക്കൽ പ്രവേശനം ഓഗസ്റ്റ് മുപ്പത്തിയൊന്നിന് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ