തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർധനവിനെതിരെ സംസ്ഥാന സർക്കാർ നിയമപോരാട്ടത്തിന്. മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി. മിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള അവസരം ഒരുക്കണമെന്ന് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന ഫീസ് എന്ന ആവശ്യം എല്ലാ കോളേജുകളും മുന്നോട്ടുവയ്‌ക്കുന്നില്ലെന്നും സർക്കാർ ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

Read Also: ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കേണ്ട, ഇവിടെ എന്ത് വികസനമാണ് നടന്നിട്ടുള്ളത്; ആഞ്ഞടിച്ച് ചെന്നിത്തല

സുപ്രീം കോടതി നിലപാട് വിദ്യാർഥികൾക്ക് ഏറെ നിർണായകമായിരിക്കും. ഇന്നാണ് സർക്കാർ ഹർജി സമർപ്പിച്ചത്. അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജ്‌മെന്റ് ആവശ്യപ്പെട്ട ഉയർന്ന ഫീസ് വിദ്യാർ‍ഥികളെ അറിയിക്കണമെന്ന കോടതി നിർദേശപ്രകാരം പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ഇറക്കിയിരുന്നു. 18 കോളജുകളിൽ മാനേജ്‌മെന്റ് ആവശ്യപ്പെട്ട വാർഷിക ഫീസ് അറിയിച്ചായിരുന്നു വിജ്ഞാപനം.

അതേസമയം, മറ്റുള്ള കോളജുകൾ ആവശ്യപ്പെടുന്നതു പോലെ 11 മുതൽ 20 ലക്ഷം രൂപ വരെ വാർഷിക ഫീസ് ആവശ്യപ്പെടുന്നില്ലെന്നും ഈ അധ്യയന വർഷം ഫീസായി 7.65 ലക്ഷം മതിയെന്നും 4 ക്രിസ്‌ത്യൻ മാനേജ്‌മെന്റ്‌ കോളജുകൾ നിലപാടെടുത്തിട്ടുണ്ട്.

അധ്യാപകരുടെ ശമ്പളം വർധിച്ചതാണ് ഫീസ് വർധിപ്പിക്കാനുള്ള കാരണമായി സ്വാശ്രയ കോളേജുകൾ ചൂണ്ടിക്കാണിക്കുന്നത്.

19 സ്വാശ്രയ മെഡിക്കൽ കോളേജിന്‌ 6.22– 7.65 ലക്ഷം രൂപയാണ് രാജേന്ദ്ര ബാബു കമ്മിറ്റി 2020–-21ലെ ഫീസായി നിശ്ചയിച്ചത്‌. മുൻ വർഷത്തേക്കാൾ 6.7 ശതമാനം മാത്രമാണ്‌ വർധിപ്പിച്ചത്‌‌. ഇതിനെതിരെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 11 ലക്ഷം മുതൽ 22 ലക്ഷം വരെയാണ്‌ മാനേജ്‌മെന്റുകൾ ഫീസായി ആവശ്യപ്പെട്ടത്. മാനേജ്‌മെന്റ്‌ ആവശ്യപ്പെടുന്ന ഫീസ്‌ നൽകാൻ തയ്യാറാകണമെന്ന്‌ രക്ഷിതാക്കളെ അറിയിക്കാനും സത്യവാങ്‌മൂലം വാങ്ങനുമാണ്‌ ഹൈക്കോടതി നിർദേശം നൽകിയത്‌. ഭീമമായ ഫീസ് വർധനവ് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.