തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ദേശസാല്‍കൃതബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ മൂന്നാം കക്ഷിയുടെ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ ത്ഥികള്‍ക്ക് ബാങ്ക് ഗ്യാരണ്ടി നല്‍കും. വ്യക്തിഗത ഗ്യാരണ്ടിക്ക് പുറമെ സര്‍ക്കാര്‍ ഗ്യാരണ്ടിയും നല്‍കും. ബാങ്കുകളുമായി ചര്‍ച്ച നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ ധാരണയുണ്ടാക്കുന്നതിന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ബാങ്ക് പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തിയത്. ബാങ്ക് ഗ്യാരണ്ടിയുടെ കാലാവധി ആറുമാസമായിരിക്കും.

സപ്തംബര്‍ 5 മുതല്‍ ബാങ്ക് ഗ്യാരണ്ടി കൊടുത്തുതുടങ്ങും. പ്രവേശനം ലഭിച്ചുവെന്ന് കോളേജ് അധികാരികളോ പരീക്ഷാ കമ്മീഷണറോ സാക്ഷ്യപ്പെടുത്തുന്ന രേഖ സഹിതം ബാങ്ക് ബ്രാഞ്ചിന് വിദ്യാര്‍ത്ഥി അപേക്ഷ നല്‍കണം. സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പലിനായിരിക്കും ഗ്യാരണ്ടി നല്‍കുക.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മത്സ്യബന്ധനം, കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലുളള വിദ്യാര്‍ത്ഥികള്‍ക്കും ബാങ്കുകള്‍ ഗ്യാരണ്ടി കമ്മീഷന്‍ ഈടാ ക്കുന്നതല്ല. ഫീ റെഗുലേറ്ററി കമ്മിറ്റി അഞ്ചു ലക്ഷം രൂപയിലധികം ഫീസ് നിശ്ചയിക്കുകയാ ണെങ്കില്‍ നിജപ്പെടുത്തിയ ഫീസ് വിദ്യാര്‍ത്ഥി അടയ്ക്കുകയോ തുല്യമായ തുകയുടെ ബാങ്ക് വായ്പക്ക് അപേക്ഷിക്കുകയോ ചെയ്യണം. അപേക്ഷിക്കുന്നവർക്ക് വായ്പ ലഭ്യമാക്കുന്നതാണ്.

ഗ്യാരണ്ടി നല്‍കുന്നതിന് ബാങ്കുകള്‍ 15 മുതല്‍ 100 ശതമാനംവരെ ക്യാഷ് മാര്‍ജിന്‍ വേണമെന്ന് നിര്‍ബന്ധിക്കുന്ന സ്ഥിതിയാണ് നിലവിലുളളത്. എന്നാല്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതുകൊണ്ട് ക്യാഷ് മാര്‍ജിന്‍ ആവശ്യമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.