തിരുവനന്തപുരം: മെഡിക്കൽ പിജി കോഴിസിനുള്ള ഫീസ് വർധിപ്പിക്കാൻ സർക്കാരും ക്രിസ്ത്യൻമാനേജ്മെന്റുകളും തമ്മിൽ ധാരണ. 6.50 ലക്ഷമുണ്ടായിരുന്നു ഫീസ് ഇരട്ടിയിലധികമായിട്ടാണ് കൂട്ടിയിട്ടുള്ളത്. 14 ലക്ഷം രൂപയാണ് ഏകീകൃത ഫീസായി പുതുതായി നിശ്ചയിച്ചിരിക്കുന്നത്. നീറ്റ് അടിസ്ഥാനത്തിൽ നടത്തുന്ന പ്രവേശനത്തിന്റെ ഭാഗമായാണ് ഏകീകൃത ഫീസ് ഉണ്ടാക്കാൻ സർക്കാർ ക്രിസ്ത്യൻമാനേജ്മെന്റുകളുമായി ചർച്ച നടത്തിയത്.

കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ ക്വാട്ടയിൽ 6.5 ലക്ഷവും മാനേജ്മെന്റ് ക്വാട്ടയിൽ 17.5 ലക്ഷവും എൻആ‌ർഐക്ക് 35 ലക്ഷവുമായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. എന്നാൽ ഇത്തവണ ഏകീകൃതഫീസ് 14 ലക്ഷമാക്കി. ഏകീകൃത പരീക്ഷ അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിൽ ഏകീകൃത ഫീസെന്ന വ്യവസ്ഥയാണ് ഫീസ് ഉയരാൻ കാരണം. മാനേജ്മെന്റ് ക്വാട്ടാ ഫീസ് കുറഞ്ഞെങ്കിലും കുറഞ്ഞ ഫീസിൽ സർക്കാർ ക്വാട്ടയിൽ പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്.

പുഷ്പഗിരി, ജൂബിലി, അമല, കോലഞ്ചേരി മെഡിക്കല്‍ കോളേജ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഫീസ് വര്‍ധന സംബന്ധിച്ച് തീരുമാനമായത്. മറ്റ് മാനേജ്മെന്റുകൾ പിജിയ്ക്ക് ഏകീകൃത ഫീസായി ചോദിച്ചത് 25 ലക്ഷം രൂപയായിരുന്നു. 17 ലക്ഷമാക്കാമെന്ന് സർക്കാർ പറഞ്ഞെങ്കിലും മാനേജ്മെന്റ്കൾ വഴങ്ങിയില്ല. ക്രിസ്ത്യൻ മാനേജ്മെന്റുകളുമായി ധാരണയിൽ എത്തിയെങ്കിലും മറ്റുള്ളവരുമായിട്ടുള്ള തർക്കം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ