തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരും കോഴ കൊടുത്ത് പ്രവേശനം നേടരുത്. കോഴ നല്‍കി നേടുന്ന അഡ്മിഷന്‍ റദ്ദാക്കും. എല്ലാ അലോട്ട്മെന്റും സര്‍ക്കാരാണ് നടത്തുന്നത്. സ്പോട്ട് അഡ്മിഷനിലെ പാകപ്പിഴകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വാശ്രയ കോളേജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നു തുടങ്ങിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് പ്രവേശനമാണ് ഇന്നും നാളെയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്നത്. ഡിഎം വയനാട്, അൽ അസർ, മൗണ്ട് സിയോൺ എന്നീ കോളേജുകളിലേക്കുള്ള അലോട്ട്മെന്റും പ്രവേശനവും ഇതിനൊപ്പം നടക്കും. അതേസമയം, ബാങ്ക് ഗ്യാരന്റി സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാന്‍ സർക്കാർ ഇന്ന് ബാങ്കുകളുമായി ചർച്ച നടത്തും. ബാങ്ക് ഗ്യാരന്റി നൽകാൻ സാധിക്കാത്ത കുട്ടികളുടെ പ്രവേശനം മുടങ്ങുമെന്ന സാഹചര്യത്തിലാണ് സർക്കാർ ഇന്ന് ബാങ്കുകളുമായി ചർച്ച നടത്തുന്നത്.

അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയും ഉൾപ്പടെ 11 ലക്ഷം രൂപയാണ് വിദ്യാർഥികൾക്ക് പ്രവേശനത്തിന് വേണ്ടത്. കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ എന്നീ കോളേജുകൾ ബാങ്ക് ഗ്യാരന്റി വേണ്ട, ബോണ്ട് മതി എന്ന് അറിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ ബാങ്ക് ഗ്യാരന്റി നൽകാനുള്ള നിർദേശം ബാങ്കുകൾക്ക് നൽകിയിട്ടുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ