തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശം. കോര്‍ കമ്മിറ്റി അറിയാതെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്ന് ഒരു വിഭാഗം. അതീവ രഹസ്യ സ്വഭാവമുള്ളത് കൊണ്ടാണ് കൂടിയാലോചന നടത്താത്തതെന്നും ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് സമിതിയെ നിയോഗിച്ചതെന്നും കുമ്മനം മറുപടി നല്‍കി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കുമ്മനത്തിന്റെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

അതിനിടെ, മെഡിക്കൽ കോഴ വിവാദത്തിൽ എത്ര ഉന്നതനായാലും തല ഉരുളുമെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നൽകി. ബി.എൽ. സന്തോഷാണ് കേന്ദ്രത്തിന്റെ നിർദേശം യോഗത്തിൽ അറിയിച്ചത്. റിപ്പോർട്ട് ചോർന്നതിനു പിന്നിൽ നസീർ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം.

വിവാദത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം പാർട്ടിയിൽനിന്നുണ്ടായതു ഗൗരവമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. കുമ്മനവുമായി ഫോണിൽ സംസാരിക്കവെയാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്. വിഷയത്തിൽ ആർഎസ്എസ് കേന്ദ്രനേതൃത്വവും കടുത്ത നിലപാടിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ