തൃശൂർ: മെഡിക്കല്‍ കോഴ വിവാദം പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നതിനിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ തൃശൂരില്‍ ചേരും. മെഡിക്കല്‍ കോഴയിലെ റിപ്പോര്‍ട്ട് തിരുത്തിയതും വി വി രാജേഷിനെതിരെ നടപടിയെടുത്തതും ചര്‍ച്ച വരുന്നതോടെ യോഗത്തില്‍ പൊട്ടിത്തെറിയുണ്ടാകാനാണ് സാധ്യത. നാളെ കേരളത്തിലെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. അതേസമയം മെഡിക്കല്‍കോഴ ബിജെപിക്ക് അവമതിപ്പുണ്ടാക്കിയതായി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി മുരളീധരന്‍ പറഞ്ഞു.

നാളെ നടക്കുന്ന യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി നിലപാട് സംബന്ധിച്ച തന്റെ നിലപാടും അറിയിക്കും. ചില നേതാക്കന്‍മാരെക്കുറിച്ച് പുറത്ത് വന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ചുളള പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചു. അവയൊക്കെ പരിഹരിച്ച് മുന്നോട്ട് പോകണം. മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് വിവരം ലഭിക്കാനിടയായതും നാളെ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഉന്നയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

വി വി രാജേഷിനെതിരെ നടപടിയെടുത്തതില്‍ കടുത്ത് അതൃപ്തി മുരളീധര പക്ഷത്തുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരേയും കമ്മീഷന്‍ അംഘങ്ങള്‍ക്കെതിരേയും നടപടിയെക്കാതെ രാജേഷിനെതിരെ നടപടിയെത്തിതിലെ യുക്തിയാണ് മുരളീധരപക്ഷം ചോദ്യം ചെയ്യുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയവര്‍ക്കെതിരേയും നടപടി വേണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്ന വന്നേക്കും. പാര്‍ട്ടി നിലപാടിനോടുള്ള അതൃപ്തി യോഗത്തില്‍ പ്രകടിപ്പിക്കുമെന്ന സൂചനയാണ് വി മുരളീധരനും നല്‍കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ