ന്യൂഡൽഹി: ബിജെപിയെ പിടിച്ചുലച്ച മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ അതൃപ്തി അറിയിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ ഫോണി വിളിച്ചാണ് അമിത്ഷാ അതൃപ്തി അറിയിച്ചത്. പാര്‍ട്ടിനേതാക്കള്‍ക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ക്കോഴ ആരോപണം ലോക്‌സഭയെ വരെ പിടിച്ചുകുലുക്കിയ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ നടപടി. ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ കോർ കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് സംസ്ഥാന നേതൃത്വത്തിൽ അമിത് ഷാ അതൃപപ്തി അറിയിച്ചിരിക്കുന്നത്. പാർട്ടിക്കുണ്ടായ തിരിച്ചടി രാഷ്ട്രീയമായി മറികടക്കാനുള്ള തന്ത്രങ്ങളാകും ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിലും കോർ കമ്മിറ്റി യോഗത്തിലും ചർച്ച ചെയ്യുക.

അതേസമയം, സംസ്ഥാന നേതാക്കൾക്കു കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിസ്ഥാനവും ബോർഡ്, കോർപറേഷൻ അധ്യക്ഷസ്ഥാനങ്ങളും ഇതോടെ അനിശ്ചിതത്വത്തിലായെന്നാണു ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. വിഭാഗീയതയാണു കേരളത്തിലെ വളർച്ചയ്ക്കു തടസ്സമെന്ന് അടുത്തിടെ കേരള സന്ദർശനത്തിനെത്തിയ അമിത് ഷാ തുറന്നടിച്ചിരുന്നു. സാമ്പത്തിക ആരോപണങ്ങൾ കൂടി ഉയർന്നതോടെ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ മുഖം കുനിച്ചുനിൽക്കേണ്ട അവസ്ഥയിലാണു സംസ്ഥാന നേതാക്കൾ. വിഷയം ബിജെപിക്കെതിരെ പാർലമെന്റിലും ഉന്നയിക്കപ്പെട്ടു.

പാർട്ടിതലത്തിൽ രഹസ്യമായി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പകർപ്പു സഹിതം ചോർന്നതു സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയായാണു പരിഗണിക്കപ്പെടുക. അന്വേഷണ കമ്മിഷൻ അംഗമായ നസീറിൽ നിന്നു റിപ്പോർട്ട് ചോർന്നുവെന്നാണു സംസ്ഥാന കമ്മിറ്റിയുടെ നിഗമനമെങ്കിലും സംസ്ഥാന അധ്യക്ഷന്റെ ഓഫിസിൽനിന്നാണു റിപ്പോ‍ർട്ട് പുറത്തുപോയതെന്ന മറുവാദം എതിർവിഭാഗം ഉന്നയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ