തിരുവനന്തപുരം: ശമ്പളവർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്‌സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. സ്റ്റാഫ് നഴ്‌സിന് നൽകുന്ന അടിസ്ഥാന വേതനമെങ്കിലും ജൂനിയർ നഴ്സുമാർക്ക് നൽകണമെന്നാശ്യപ്പെട്ടാണ് സമരം.

ജൂനിയർ നഴ്‌സുമാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളം 13900 രൂപയാണ്. ഇത് സ്റ്റാഫ് നഴ്‌സിന് ലഭിക്കുന്ന അടിസ്ഥാന ശമ്പളമായ 27800 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. ശമ്പളം വർദ്ധിപ്പിക്കുന്നതുവരെ ജോലിയിൽനിന്ന് വിട്ട് നിൽക്കാനാണ് ഇവരുടെ തീരുമാനം.

കോവിഡ് കാലത്ത് നഴ്‌സുമാർ സമരത്തിനിറങ്ങുന്നത് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തിൽ പ്രതിസന്ധിയാകും. എന്നാൽ കോവിഡ് ചികിത്സ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റെല്ലാവർക്കും ശമ്പളം വർദ്ധിപ്പിച്ചെങ്കിലും ജൂനിയർ നഴ്‌സുമാരെ നാല് വർഷമായി ആരോഗ്യവകുപ്പ് അവഗണിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു.

Read More: വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകുന്നത് ആദ്യമല്ല: വി. മുരളീധരൻ

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ തുടങ്ങി സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിലെ 375 ജൂനിയർ നഴ്‌സുമാരാണ് അനിശ്ചിത കാലത്തേക്ക് ജോലിയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

ബിഎസ്ഇ നഴ്‌സിങ് പൂർത്തിയാക്കി കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒരു വ‌ർഷത്തെ ഇൻറേൺഷിപ്പിന് പ്രവേശിച്ചവരാണിവർ.

അതേസമയം, ശമ്പള വിതരണവും തസ്തിക നിർണയിക്കലും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ​ ചൂണ്ടിക്കാട്ടി ജൂനിയർ ഡോക്ടർമാർ നടത്തിയ പ്രതിഷേധത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കണ്ടിരുന്നു. ഇവർക്ക് എൻഎച്ച് എം ഡോക്ടർമാരുടെ അതേ സേവന വ്യവസ്ഥകൾ ലഭിക്കും. ഇവർക്ക് ശമ്പളം വിതരണം ചെയ്യാനും ബുധനാഴ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ചൂഷണം നേരിടുകയാണെന്നും തസ്തികയും സേവന വ്യവസ്ഥകളും നിർണയിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ നടപടി.

നാൽപ്പത് ദിവസം ജോലി ചെയ്തിട്ടും ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പിപിഇ കിറ്റിനുള്ളിൽ നിന്നായിരുന്നു ഡോക്ടർമാരുടെ പ്രതിഷേധം. ഒടുവിൽ വേതനം 42,000 രൂപയായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും സാലറി ലഭിച്ചില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഡോക്ടർമാരായിട്ടും തസ്തിക നിര്‍ണയിക്കുകയും ചെയ്തിരുന്നില്ല. ഇതിനാൽ തന്നെ കൃത്യമായ അവധിയോ കോവിഡ് ഡ്യൂട്ടിയെടുക്കുന്നവർക്ക് ക്വറന്റീനോ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook