കോട്ടയം: രോഗി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയ രോഗിയാണ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് (62) ചികിത്സ കിട്ടാതെ മരിച്ചത്. മെഡിക്കല്‍ കോളജില്‍ വച്ച് ഉച്ചയ്ക്ക് 2.15 നാണ് സംഭവം.
കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത ശേഷമാണ് കോട്ടയം മേഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ സൗകര്യം ഇല്ല എന്ന കാരണം പറഞ്ഞാണ് ചികിത്സ നിഷേധിച്ചതെന്ന് മരിച്ചയാളുടെ വീട്ടുകാര്‍ ആരോപിക്കുന്നു. രോഗിയെ നോക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മെഡിക്കല്‍ കോളജ് പിആര്‍ഒയുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ലഭിച്ചതെന്നും വീട്ടുകാര്‍ പറയുന്നു.
Read More: ക്യാന്‍സറില്ലാത്ത യുവതിക്ക് കീമോ; നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി
രോഗിയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് മറ്റ് സ്വാകാര്യ ആശുപത്രിയിലേക്ക് പോയി. മാതാ ആശുപത്രിയിലേക്ക് അടക്കം രോഗിയെ കൊണ്ടുപോയെങ്കിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ നിഷേധിച്ചു. ഒരു ആശുപത്രിയില്‍ നിന്നും നല്ല പ്രതികരണമല്ല ലഭിച്ചത്. സ്വകാര്യ ആശുപത്രികളില്‍ കൂടി ചികിത്സ നിഷേധിച്ചതോടെ രോഗിയെയും കൊണ്ട് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തി. അപ്പോഴേക്കും രോഗിയുടെ ആരോഗ്യനില കൂടുതല്‍ മോശമായി എന്നും മരണം സംഭവിക്കുകയായിരുന്നു എന്നും മരിച്ചയാളുടെ ബന്ധുക്കള്‍ പറയുന്നു.
Read More: ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പബ്ജി ഗെയിം കളിച്ച 16കാരന് മരിച്ചു
പ്രാഥമിക ചികിത്സ നല്കാന് പോലും ആരും തയ്യാറായില്ല എന്നും വിമര്‍ശനമുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റർ സൗകര്യം ഇല്ലെന്നും മുന്‍കൂട്ടി വിളിച്ചു പറയാതെയാണ് രോഗിയെ എത്തിച്ചതെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. അതേസമയം, പ്രാഥമിക ചികിത്സ പോലും ലഭിക്കാത്തത് ഗുരുതര പിഴവാണെന്ന് മരിച്ച വ്യക്തിയുടെ മകള്‍ ആരോപിച്ചു.