തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ബിജെപി ആരെയും സംരക്ഷിച്ചിട്ടില്ലെന്ന് ബിജെപി കോർ കമ്മിറ്റി. ഇന്ന് ചേർന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം പി.എസ്.ശ്രീധരൻപിള്ളയാണ് തീരുമാനം വിശദീകരിച്ചത്. ഇത് വ്യക്തി നിഷ്ഠമായ കുറ്റമാണെന്നും പാർട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കോഴ വിവാദത്തിന്റെ എല്ലാ വശങ്ങളും പാർട്ടി പരിശോധിച്ച ശേഷമാണ് പാർട്ടി നിഗമനത്തിലെത്തിയത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ബിജെപിക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ബിജെപി സഹകരണ സെല്ലിന്റെ സെക്രട്ടറിയായ ആർഎസ് വിനോദ് നടത്തിയ ക്രിമിനൽ കുറ്റം പാർട്ടിയുടെ പേരിലേക്ക് ചാരുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തി വിനോദ് കുറ്റക്കാരനെന്ന് കണ്ടെത്തിയപ്പോൾ തന്നെ അയാൾക്കെതിരെ ബിജെപി നടപടിയെടുത്തിരുന്നു.

എല്ലാ പാർട്ടികളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനോട് രാഷ്ട്രീയ പാർട്ടികൾ എങ്ങിനെ പ്രതികരിക്കുന്നുവെന്നാണ് നോക്കേണ്ടത്. സംസ്ഥാന വിജിലൻസ് കേസ് ശക്തമായി മുന്നോട്ട് പോകണമെന്നും, ഇതിൽ ഉൾപ്പെട്ട എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.

സംസ്ഥാന കോർ കമ്മിറ്റി യോഗവും സംസ്ഥാന ഭാരവാഹികളും ജില്ല പ്രസിഡന്റ്, ജില്ല ജനറൽ സെക്രട്ടറിമാരുടെയും യോഗത്തിന് ശേഷമാണ് പത്രസമ്മേളനം നടത്തിയത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിജയിച്ച രാംനാഥ് കോവിന്ദിനെ യോഗം അഭിനന്ദിച്ചു. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് വ്യക്തികൾ എത്തുന്നതിനെ യോഗം അഭിനന്ദിച്ചു.

ഈ സംഭവം വിവാദമാക്കിയതിന് പിന്നിലെ സ്വാതന്ത്യത്തെ മാനിക്കുന്നു. എന്നാൽ ദൗർഭാഗ്യകരമായ ചില കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ തീരുമാന പ്രകാരമാണ് ചില മാധ്യമപ്രവർത്തകർ വാർത്തകളുടെ ഉള്ളടക്കവും തലക്കെട്ടും എഴുതുന്നത്. ഇത്തരം സമീപനമാണ് കേരളത്തിലെ ചില മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ