തിരുവനന്തപുരം: സംസ്ഥാന ബിജെപി യെ കടുത്ത സമ്മർദ്ദത്തിലാക്കിയ മെഡിക്കൽ കോഴ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയിലേക്ക്. സംഭവത്തിന് പിന്നിൽ സംസ്ഥാന ബിജെപി നേതാക്കൾ മാത്രമല്ല, കേന്ദ്ര നേതാക്കൾക്കും പങ്കുണ്ടെന്ന വാദവുമായാണ് രമേശ് ചെന്നിത്തല സുപ്രീം കോടതിയെ സമീപിക്കുന്നത്.

സംഭവത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെടുകയാണ് രമേശ് ചെന്നിത്തലയുടെ ലക്ഷ്യം. ബിജെപിയുടെ ദേശീയ നേതാക്കൾക്ക് പങ്കുണ്ടെന്നും ഇവർക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നുമാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം.

ബിജെപി സഹകരണ സെല്ലിന്റെ സെക്രട്ടറിയായ ആർഎസ് വിനോദിനെ സംഭവത്തിൽ ബിജെപി പുറത്താക്കിയിരുന്നു. എന്നാൽ “ഇയാൾ നടത്തിയ ക്രിമിനൽ കുറ്റം ബിജെപിയുടെ പേരിലേക്ക് ചാരുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തി വിനോദ് കുറ്റക്കാരനെന്ന് കണ്ടെത്തിയപ്പോൾ തന്നെ അയാൾക്കെതിരെ ബിജെപി നടപടിയെടുത്തിരുന്നു”, എന്നും പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.

എല്ലാ പാർട്ടികളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും ഇതിനോട് രാഷ്ട്രീയ പാർട്ടികൾ എങ്ങിനെ പ്രതികരിക്കുന്നുവെന്നാണ് നോക്കേണ്ടതെന്നുമാണ് അദ്ദേഹം കോർ കമ്മിറ്റി യോഗത്തിന് ശേഷം വിശദീകരിച്ചത്. സംസ്ഥാന വിജിലൻസ് കേസ് ശക്തമായി മുന്നോട്ട് പോകണമെന്നും, ഇതിൽ ഉൾപ്പെട്ട എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ