തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത് സംസ്ഥാനത്തെ ബിജെപിയുടെ ആഭ്യന്തര വിഷയം മാത്രമല്ലെന്നും, കേന്ദ്ര നേതാക്കൾക്ക് അടക്കം പങ്കുള്ള അഴിമതിയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

ഹവാല പണമാണ് ഡൽഹിയിലേക്ക് എത്തിയതെന്ന് ബിജെപി തന്നെ കണ്ടെത്തിയിരിക്കുകയാണ്. ദേശീയ നേതൃത്വമാണ് കോഴയ്ക്ക് കൂട്ടുനിൽക്കുന്നത്. കോഴ ഇടപാടിൽ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ മറവിൽ ബിജെപി നേതാക്കൾ കോഴ കുംഭകോണം നടത്തുകയാണെന്നും കോടിയേരി ആരോപിച്ചു.

“ഇങ്ങിനെയൊരു സംഭവം പാർട്ടി അന്വേഷിച്ച് ഒത്തുതീർപ്പിലാക്കുകയും അതിൽപ്പെട്ട ആളുകളെ സംരക്ഷിക്കുകയുമല്ല വേണ്ടത്. കേരളത്തിൽ വിജിലൻസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി റിപ്പോർട്ട് കണ്ടു. കേന്ദ്ര ഭരണവുമായി ബന്ധപ്പെട്ട വിവാദമായതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം”, കോടിയേരി പറഞ്ഞു.

ഭരണഘടനാ സ്ഥാപനമായ മെഡിക്കൽ കൗൺസിലിനെ രാഷ്ട്രീയ വത്കരിച്ച് എങ്ങിനെയാണ് പണം കൈപ്പറ്റേണ്ടതെന്ന പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് വാജ്പേയി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയെ ആണ് ഇത് ഓർമ്മിപ്പിക്കുന്നത്. ബിജെപി നേതാക്കന്മാർ തന്നെ വസ്തുത പുറത്തുകൊണ്ടുവന്നതാണിത്.

അന്വേഷണ കമ്മിഷൻ അംഗം പത്രസമ്മേളനം നടത്തി ഇക്കാര്യങ്ങളെല്ലാം സത്യമാണെന്ന് വിശദീകരിച്ച സാഹചര്യത്തിൽ ഇത് ബിജെപിയുടെ ആഭ്യന്തര പ്രശ്നമായി ഒതുക്കരുത്. കേരളവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം സമഗ്രമായി നടക്കണം. സിബിഐ യെ തുടക്കത്തിൽ തന്നെ കേസ് ഏൽപ്പിക്കണ്ട. സിബിഐ ഒരു രാഷ്ട്രീയ ഏജൻസിയായി മാറിക്കഴിഞ്ഞുവെന്നും കോടിയേരി ആരോപിച്ചു.

ഇന്ന് പാർലമെന്റിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണം അവർക്കായത് കൊണ്ട് ഒരു അന്വേഷണ റിപ്പോർട്ടും വിശ്വസിക്കില്ലെന്ന് പറയാൻ സാധിക്കില്ല. കുംഭകോണം ഒരു പാർട്ടി അന്വേഷിച്ച് തീരുമാനിക്കേണ്ട കാര്യമല്ല. ഇത് കേന്ദ്ര അധികാരം ഉപയോഗിച്ച് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നും കോടിയേരി വിശദീകരിച്ചു.

കോവളം എംഎൽഎ യ്ക്കെതിരായ അന്വേഷണം ഗൗരവത്തോടെ മുന്നോട്ട് പോകണം. എത്ര ഉന്നതരായാലും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും പാടില്ല. എംഎൽഎ കുറ്റക്കാരനാണെങ്കിൽ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും കോടിയേരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ