ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജിനുള്ള അനുമതി ലഭിക്കുന്നതിനായി കോഴ വാങ്ങിയ സംഭവത്തിൽ അഴിമതി ആരോപണം തള്ളി ബിജെപി. ഇത് അഴിമതിയല്ലെന്ന് വിശദീകരിച്ച ബിജെപിയുടെ ദേശീയ വക്താവ് ജിവിഎൽ റാവു വ്യക്തി നടത്തിയ സ്വകാര്യവും നിയമവിരുദ്ധവുമായ ഇടപാട് മാത്രമാണിതെന്നും ചൂണ്ടിക്കാട്ടി.

ബിജെപിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും, ആർഎസ് വിനോദ് മാത്രമാണ് കുറ്റക്കാരനെന്നും അദ്ദേഹം വിശദീകരിച്ചു. ആർ.എസ്.വിനോദിനെതിരെ ബിജെപി ശക്തമായ നടപടി എടുത്തിട്ടുണ്ട്. ഈ സംഭവത്തിൽ ബിജെപി യെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് മറ്റ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നതെന്നും അദ്ദേഹം
ആരോപിച്ചു.

ബിജെപി യെ പ്രതിക്കൂട്ടിൽ നിർത്തുന്നവർ ജനങ്ങളെ മണ്ടന്മാരാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമഗ്രമായ അന്വേഷണമാണ് ബിജെപി പാർട്ടിക്കകത്ത് നടത്തിയത്. ഇതിൽ ദേശീയ നേതൃത്വത്തിന് യാതൊരു പങ്കുമില്ല. ഇനിയൊരു അന്വേഷണം ആവശ്യമില്ലെന്നും നരസിംഹറാവു പറഞ്ഞു.

മെഡിക്കൽ കൗൺസിൽ സ്വതന്ത്ര സ്ഥാപനമാണ്. ഇതിൽ കേന്ദ്ര സർക്കാരിന് യാതൊരു പങ്കുമില്ല. പാർട്ടിയിലെ ഒരംഗം നടത്തിയ ഇടപാടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയെ തകർക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലക്കാട് ചെർപ്പുളശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാൻ രമേശാണു സഹായിച്ചത് എന്നു മനസ്സിലാക്കി തന്റെ വർക്കലയിലുള്ള എസ്ആർ മെഡിക്കൽ കോളജിനായി പണം നൽകി എന്നാണു കോളജ് ഉടമ ആർ.ഷാജി മൊഴി നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ